ഡല്‍ഹി: രാജ്യസഭയില്‍ പ്രതിഷേധിച്ചതിന് നടപടി നേരിട്ട എംപിമാരുടെ സസ്പെന്ഷന് മാപ്പുപറയാതെ പിന്‍വലിക്കില്ലെന്ന് സഭാധ്യക്ഷന് എം വെങ്കയ്യ നായിഡു. ഇനിമുതല്‍ പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിക്കില്ലെന്ന് എംപിമാര്‍ ഉറപ്പുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ മാപ്പുപറഞ്ഞാല്‍ സസ്പെന്ഷന് പിന്‍വലിക്കാമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് രാജ്യസഭാ അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.
തൊഴിലില്ലായ്മ, ജി എസ് ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തെ 23 എംപിമാരെയാണ് സഭയില്‍നിന്നും ഒരാഴ്ച്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍നിന്നുളള എംപിമാരായ എ എ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരുള്‍പ്പെടെയാണ് സസ്പെന്‍ഷനിലായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ, ലോക്സഭയില്‍ പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനുമെതിരെ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ടി എന്‍ പ്രതാപന്, രമ്യാ ഹരിദാസ്, ജ്യോതി മണി, മാണിക്യം ടാഗോര്‍ എന്നീ എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമായി തുടരുകയാണ്.