ചെന്നൈ: ബസില്‍ കയറുന്ന സ്ത്രീകളെ 'പിടിച്ചു' കയറ്റി സഹായിക്കാനും ഇറങ്ങുന്ന സ്ത്രീകളെ മുട്ടിയുരുമ്മി ഇറക്കാനും നില്ക്കുന്ന പൂവാലന് കിളികള്‍ ഇനിമുതല്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. തമിഴ്നാട് പൊലീസ് നിങ്ങള്ക്കുതൊട്ടുപിന്നിലുണ്ട്. സര്‍ക്കാര്‍ ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരം ഇത്തരത്തില്‍ സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന സ്പര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്യാനാകും. ബസില്‍ കയറുന്ന സ്ത്രീകളെ കമന്റടിക്കാനും അവരെ നോക്കി ചൂളമടിക്കാനുമാണ് ഭാവമെങ്കില്‍ ബസ് നേരേ പൊലീസ് സ്റ്റേഷനിലെത്തിക്കാനും വകുപ്പുണ്ട് കേട്ടോ.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി അനുസരിച്ച് ബസില്‍ കയറുന്ന സ്ത്രീകളെ തുറിച്ചുനോക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാം. സ്ത്രീകളെ തുറിച്ചുനോക്കുക, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുക. ലൈംഗിക താല്‍പ്പര്യത്തോടെ സമീപിക്കുക, ചൂളമടിക്കുക തുടങ്ങിയവയെല്ലാം ഇനിമുതല്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. പുതിയ ഭേദഗതി അനുസരിച്ച് യാത്രക്കാരികളായ സ്ത്രീകളോട് ആരെങ്കിലും മോശമായി പെരുമാറുന്നതുകണ്ടാല്‍ കണ്ടക്ടര്‍മാര്‍ ഇറക്കിവിടുകയോ അടുത്തുളള പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയോ ചെയ്യണം. സ്ത്രീകളോട് മോശമായി പെരുമാറുന്നത് ബസിലെ ജീവനക്കാരാണെങ്കില്‍ അവര്‍ക്കും നിയമപ്രകാരമുളള കടുത്ത ശിക്ഷ തന്നെ ലഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബസില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്ന സ്ത്രീയെ അവരെ സഹായിക്കാനെന്ന വ്യാജേന സ്പര്‍ശിച്ചാല്‍ കണ്ടക്ടര്‍ക്കെതിരെയും നടപടിയുണ്ടാകും. കണ്ടക്ടര്‍ യാത്രക്കാരായ സ്ത്രീകളെ കമന്റടിക്കാനോ ലൈംഗിക്കച്ചുവയുളള പരാമര്‍ശങ്ങള്‍/ തമാശകള്‍ പറയുവാനോ പാടില്ല. ഏതെങ്കിലും യാത്രക്കാരന് ലൈംഗികാതിക്രമം നടത്തിയെന്ന് സ്ത്രീകള്‍ പരാതി പറയുന്ന പക്ഷം, ബസിലെ മറ്റ് യാത്രക്കാരോടുകൂടി കൃത്യമായ അന്വേഷണം നടത്തി, പുരുഷന് കുറ്റം ചെയ്തെന്ന് ഉറപ്പായാല്‍ അയാളെ അടുത്തുളള പൊലീസ് സ്റ്റേഷനിലെത്തിക്കണം. കണ്ടക്ടറുടെ കയ്യില്‍ എപ്പോഴും പരാതി പുസ്തകമുണ്ടാവണം. ആവശ്യമെങ്കില്‍ പരാതി പുസ്തകം മോട്ടോര്‍ വെഹിക്കിള്‍ അതോറിറ്റിയുടെ മുന്പിലോ പൊലീസിനുമുന്നിലോ ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് പുതിയ മോട്ടോര്‍ വാഹന ഭേദഗതിയില്‍ പറയുന്നത്.