ബല്ലിയ: ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. മോട്ടോര്‍ സൈക്കിളില്‍ സ്പര്‍ശിച്ചതിനാണ് വിദ്യാര്‍ത്ഥിയെ അധ്യാപകന് ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ലോഹദണ്ഡുകൊണ്ട് മര്‍ദ്ദിച്ചത്. നാഗ്ര പൊലീസ് സ്റ്റേഷന് പരിധിയിലുളള റാണൗപൂരിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ വെളളിയാഴ്ച്ചയായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ മോഹന്‍ ശര്‍മ്മ എന്നയാളാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ബൈക്കില്‍ തൊട്ടതോടെ പ്രകോപിതനായ കൃഷ്ണ മോഹന്‍ ശര്‍മ്മ വിദ്യാര്‍ത്ഥിയെ സ്കൂളിലെ ക്ലാസ് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ലോഹദണ്ഡും ചൂലുമുപയോഗിച്ച് അധ്യാപകന് തന്നെ മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സ്കൂളിലെ മറ്റ് ജീവനക്കാരാണ് വിദ്യാര്‍ത്ഥിയെ അധ്യാപകനില്‍നിന്നും രക്ഷിച്ചതെന്ന് നഗ്ര പൊലീസ് സ്റ്റേഷന് എസ് എച്ച് ഒ ദേവേന്ദ്രനാഥ് ദുബെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ ശനിയാഴ്ച്ച സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും എസ് എച്ച് ഒയും സ്ഥലത്തെത്തി കുറ്റാരോപിതനായ അധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കും എന്ന് ഉറപ്പുനല്കിയതിനുശേഷമാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം മടങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് എസ് എച്ച് ഒ ദേവേന്ദ്രനാഥ് ദുബെ കൂട്ടിച്ചേര്‍ത്തു.