അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കും. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി തിങ്കളാഴ്ച്ചയാണ് (സെപ്റ്റംബര്‍ 19) ബിജെപിയില്‍ ലയിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരിക്കും അമരീന്ദര്‍ സിംഗ് അംഗത്വമെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. അമരീന്ദര്‍ സിംഗിനൊപ്പം അദ്ദേഹത്തിന്റെ മകന് റാണ് ഇന്ദര്‍ സിംഗ്, മകള്‍ ജെയ് ഇന്ദര്‍ കൗര്‍, പേരമകന് നിര്വാണ് സിംഗ് എന്നിവരും ബിജെപിയില്‍ ചേരുമെന്നും വാര്‍ത്തകളുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരുന്ന ആഭ്യന്തര കലഹത്തിന് വിരാമമിട്ട് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത്. അമരീന്ദറിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റി ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതോടെയാണ് അമരീന്ദര്‍ പരസ്യവിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി സ്ഥാപിക്കുകയായിരുന്നു.
കോണ്‍ഗ്രസ് വിടുമ്പോള്‍ ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അമരീന്ദര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ കെട്ടിവച്ച തുക പോലും നഷ്ടമായി ദയനീയ പരാജയമാണ് അമരീന്ദര്‍ ഏറ്റുവാങ്ങിയത്.