തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിളളില്‍ എം എല്‍ എയ്ക്കെതിരായ കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യുവതിയുടെ ആരോപണം ഗൗരവതരമാണെന്നും അതിനെ അത്ര തന്നെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു. സിപിഎം ചെയ്യുന്നതുപോലെ പ്രതികളെ സംരക്ഷിച്ചുകൊണ്ടുളള ക്ലീഷേ പ്രതികരണത്തിന് തങ്ങള്‍ മുതിരില്ലെന്നും എല്‍ദോസ് കുന്നപ്പിളളി നിലവില്‍ ഒളിവില്‍ പോകേണ്ട സാഹചര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. അദ്ദേഹം ഒളിവില്‍ പോകേണ്ട ആവശ്യമില്ല. എംഎല്‍എയോട് കെ പി സി സി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും നാളെയും കൂടെ നോക്കും. വിശദീകരണം ചോദിക്കേണ്ടത് സ്വാഭാവിക നീതിയുടെ കാര്യമാണ്. അദ്ദേഹത്തിന്റെ വിശദീകരണം ലഭ്യമാവട്ടെ. പാര്‍ട്ടി അതിനായാണ് കാത്തിരിക്കുന്നത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന തരത്തില്‍ സിപിഎം പറയുന്നതുപോലുളള ക്ലീഷേ കാര്യങ്ങളൊന്നും ഞങ്ങള്‍ പറയുന്നില്ല. ഒരു തരത്തിലും പ്രതിരോധിക്കാനും ശ്രമിക്കുന്നില്ല'-വി ഡി സതീശന് പറഞ്ഞു.
എല്‍ദോസ് കുന്നപ്പിളളിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 'ഇന്നലെയും ഇന്നുമായി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല'-വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.