ഹൈദരാബാദ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സ്വാഗതംചെയ്ത് എസ് എഫ് ഐ. ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയില്‍ അധോണി മണ്ഡലത്തിലാണ് എസ് എഫ് ഐ നേതാക്കള്‍ ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നല്‍കിയത്. അധോണി യൂണിറ്റ് സെക്രട്ടറി ശ്രീനിവാസലുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പദയാത്രയെ സ്വീകരിക്കാനെത്തിയത്. ബിജെപിയുടെ ദുര്‍ഭരണത്തിനെതിരായ ശക്തമായ താക്കീതാണ് ഭാരത് ജോഡോ യാത്രയെന്നും ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മാത്രമേ സാധിക്കുകയുളളു. അതിനാലാണ് യാത്രയെ സ്വീകരിക്കാനെത്തിയതെന്നും എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു.
എസ് എഫ് ഐ കേരളത്തില്‍ ഭാരത് ജോഡോ യാത്രയെ പരിഹസിക്കുന്ന നിലപാടാണെടുത്തത്. 'കോണ്‍ഗ്രസ് സീറ്റ് ജോഡോ യാത്ര' എന്നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഭാരത് ജോഡോ യാത്രയെ വിശേഷിപ്പിച്ചത്. കാരവനില്‍ വിശ്രമ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എസ് എഫ് ഐയെ കണ്ട് പഠിക്കണമെന്നും ആര്‍ഷോ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെയാണ് ഭാരത് ജോഡോ യാത്ര ആന്ധ്രയില്‍ പര്യടനം ആരംഭിച്ചത്. മൂന്നുദിവസമാണ് ആന്ധ്രയില്‍ പര്യടനം നടത്തുക. അതിനുശേഷം തെലങ്കാനയിലേക്ക് കടക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ,3571 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.