ചെന്നൈ: വാരാണസിയില്‍ നടന്ന കാശി തമിഴ് സംഗമത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടിയുമായി നടന് പ്രകാശ് രാജ്. 'നിങ്ങള്‍ക്ക് ഞങ്ങളുടെ ദോശയും ചട്നിയും സാമ്പാറുമെല്ലാം കഴിക്കാം. പക്ഷേ വോട്ട് തരില്ല'-എന്നാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. ജസ്റ്റ് ആസ്ക്കിംഗ് എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു നടന്റെ ട്വീറ്റ്. രാഷ്ട്രീയ നിലപാടുകള്‍ എപ്പോഴും തുറന്നുപറയുന്നയാളാണ് പ്രകാശ് രാജ്. ഹിന്ദുത്വ അജണ്ടകള്‍ തന്റെ സിനിമകളിലൂടെ പ്രോത്സാഹിപ്പിക്കില്ലെന്ന് അടുത്തിടെ ന്യൂസ് മിനിറ്റിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയ നിലപാടുകള്‍ പറയുന്നത് തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നും അത്തരം നഷ്ടങ്ങളില്‍ താന്‍ ഖേദിക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. 'രാഷ്ട്രീയം കരിയറിനെ ബാധിച്ചു. ഇന്ന് ചിലര്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറല്ല. എന്നാല്‍ അത്തരം നഷ്ടങ്ങളില്‍ എനിക്ക് ഖേദമില്ല. ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം തോന്നുന്നുണ്ട്. ഞാന്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഒരു നടന് എന്ന നിലയില്‍ മാത്രമാവും മരണശേഷം അറിയപ്പെടുക. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആരാണെന്ന നിലയില്‍ അറിയപ്പെടില്ല. ശബ്ദമുയര്‍ത്തുമ്പോള്‍ പലതും നഷ്ടമാകുമെന്നറിയാം. അതിനെ ഞാന്‍ അംഗീകരിക്കുന്നു'-എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ശനിയാഴ്ച്ച വാരാണസിയില്‍ നടന്ന കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ തമിഴ്നാടുമായുളള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. 'ഹര് ഹര് മഹാദേവ്, വണക്കം കാശി, വണക്കം തമിഴ്നാട്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വ്യാപാരികളും കരകൗശല തൊഴിലാളികളും പണ്ഡിതന്മാരുമുള്പ്പെടെയുളളവര്ക്ക് അവരുടെ അറിവും സംസ്കാരവും പങ്കിടാനും പഠിക്കാനുമുളള വേദിയൊരുക്കുകയാണ് കാശി തമിഴ് സംഗമത്തിന്റെ ലക്ഷ്യം എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.