നഗ്ഡ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍. നരേന്ദ്ര സിംഗ്, പ്യാരെ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പ്രതിയെ ഉജ്ജയിനില്‍വെച്ച് മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഉജ്ജയിനിലെ നഗ്ഡ ജില്ലയില്‍വെച്ച് പ്രതിയെ പൊലീസ് പിടികൂടി ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്നിന്നുളള ആളാണ് പ്രതിയെന്നാണ് ആധാര്‍ കാര്‍ഡില്‍നിന്നും വ്യക്തമാകുന്നതെന്നും ഇന്‍ഡോര്‍ പൊലീസ് നല്കിയ ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും നഗ്ഡ എസ്പി സത്യേന്ദ്രകുമാര്‍ ശുക്ല പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ഇന്ഡോറിലെത്തിയാല് അദ്ദേഹത്തെ ബോംബെറിഞ്ഞ് കൊല്ലുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.
അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലെ ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും പ്രതി നേരത്തെയും ഇത്തരത്തില്‍ കത്തുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും നിരവധി പേരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍ഡോറിലെ ഖല്‍സ സ്റ്റേഡിയത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പങ്കെടുത്ത പരിപാടിയിലും പ്രതി പങ്കെടുത്തിരുന്നതായും പൊലീസ് കണ്ടെത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബോംബ് സ്ഫോടനത്തിലൂടെ രാഹുല്‍ ഗാന്ധിയെയും കമല്‍നാഥിനെയും വധിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. ഇന്‍ഡോറിലെ ഒരു മധുരപലഹാരക്കടയിലേക്ക് തപാല്‍ വഴി ലഭിച്ച കത്ത് ഉടന്‍തന്നെ കടയുടമ പൊലീസിന് കൈമാറുകയായിരുന്നു. 'ഇന്‍ഡോറിലെ പല സ്ഥലങ്ങളിലും ബോംബ് സ്ഫോടനങ്ങളുണ്ടാകും. കമല്‍നാഥിനുനേരെ നിറയൊഴിക്കും. രാഹുലിനെ രാജീവ് ഗാന്ധിയുടെ അടുത്തേക്ക് അയക്കുകയും ചെയ്യും'-എന്നായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്.