ഡല്‍ഹി: എന്‍ഡിടിവി സീനിയര്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ ചുമതലയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ രവീഷ് കുമാറിന്‍റെ യൂട്യൂബ് ചാനലിന് മണിക്കൂറുകള്‍ കൊണ്ട് മില്യന്‍ വരിക്കാര്‍. ഇനി മുതല്‍ തന്‍റെ മേല്‍വിലാസം ഇവിടെയാണെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും രവീഷ് കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തിന്‍റെ സാമൂഹിക മാധ്യമങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് 26 വര്‍ഷത്തെ എന്‍ഡിടിവിയിലെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് അദ്ദേഹം രാജിവെച്ചത്. രാജ്യത്ത് ജനാധിപത്യം ഭീഷണി നേരിടുന്ന ഇക്കാലത്ത് അധികാരികളോട് നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടിരിക്കാന്‍ നിങ്ങളുടെ പിന്തുണ തുടര്‍ന്നും വേണമെന്നാണ് രവീഷ് കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞത്.
നീതിന്യായ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അധികാരത്തിലിരിക്കുന്നവര്‍ നിരവധിപ്പേരുടെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യേണ്ടത് വളരെ ആവശ്യമാണ്. പ്രേക്ഷകരില്ലാതെ തനിക്ക് ഈ മേഖലയില്‍ നിലനില്‍ക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് വളരെ നന്ദി. തുടര്‍ന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും രവീഷ് കുമാര്‍ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. നിങ്ങളുമായി നിരവധി കാര്യങ്ങള്‍ സംവദിക്കാനുണ്ട്. ഗോഡി മീഡിയക്കെതിരെ എല്ലാവരും പോരാടണമെന്നും രവിഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ ആര്‍ പി ആര്‍ (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്) ന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനുപിന്നാലെ എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും പ്രണോയ് റോയും രാധികാ റോയും രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് രവീഷ് കുമാറും രാജിവെക്കുന്നത്. എന്‍ഡിടിവിയുടെ പ്രൈം ടൈം ചര്‍ച്ച നയിച്ചിരുന്ന രവീഷ്, ഹം ലോഗ്, രവീഷ് കീ റിപ്പോര്‍ട്ട്, ദേശ് കീ ബാത്ത് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. 2019-ലാണ് മഗ്‌സസെ അവാര്‍ഡ് നേടിയത്. രണ്ടുതവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും നേടിയിട്ടുണ്ട്.