പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയില്‍ ഗര്‍ഭിണിയായ യുവതിയെ മുന്നൂറുമീറ്റര്‍ മാത്രമാണ് തുണിയില്‍കെട്ടി ചുമന്നതെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വാദം തളളി വി കെ ശ്രീകണ്ഠന് എംപിയും യുവതിയുടെ ഭര്‍ത്താവും രംഗത്ത്. വനത്തിലൂടെ മൂന്നരകിലോമീറ്റര്‍ പിന്നിടാന്‍ ഒന്നര മണിക്കൂര്‍ വേണമെന്നും മന്ത്രിയെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാവാമെന്നും വി കെ ശ്രീകണ്ഠന് എംപി പറഞ്ഞു. യുവതിയെ മുന്നൂറു മീറ്റര്‍ മാത്രമാണ് തുണിയില്‍ ചുമന്നതെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം മന്ത്രി സംഭവം പുറത്തുകൊണ്ടുവന്നവരെ കളിയാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
300 മീറ്ററേ ഉണ്ടായിരുന്നുളളുവെങ്കില് തുണിയില്‍ക്കെട്ടി ചുമക്കേണ്ടിവരില്ലായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് മുരുകനും പ്രതികരിച്ചു. 'റോഡ് സൗകര്യമില്ലാത്തതിനാല്‍ രണ്ടര കിലോമീറ്ററോളം തുണിയില്‍ കെട്ടി ചുമന്നാണ് ഭാര്യയെ ഊരിനുപുറത്തെത്തിച്ചത്. ആംബുലന്‍സിന് ക്യാംപ് സൈറ്റ് വരെയെ വരാന്‍ പറ്റുകയുളളു. സമയത്ത് വാഹനം കിട്ടിയില്ല. റോഡ് മോശമായതാണ് വാഹനം കിട്ടാതിരിക്കാന്‍ കാരണം. വാഹനം കിട്ടിയിരുന്നെങ്കില്‍ പുലര്‍ച്ചെ തന്നെ ആശുപത്രിയിലെത്തിക്കാനാവുമായിരുന്നു'-മുരുകന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അട്ടപ്പാടിയില്‍നിന്ന് ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ് എന്നാണ് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞത്. കടുകുമണ്ണ ഊരില്‍നിന്ന് 300 മീറ്റര്‍ മാത്രം തുണിയില്ചുമന്ന് ഭവാനിപ്പുഴ പാലം കടന്ന് ആംബുലന്‍സില്‍ എത്തിച്ചതിനെ മാധ്യമങ്ങള്‍ കെട്ടുകഥകളുണ്ടാക്കി അവതരിപ്പിച്ചെന്നും സാധാരണ ഊരുകളില്തന്നെ നടക്കുന്ന പ്രസവം ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ആശുപത്രിയിലെത്തിച്ച് നടത്തിയതുതന്നെ അട്ടപ്പാടിയിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങളാണെന്നും കെ രാധാകൃഷ്ണന് പറഞ്ഞിരുന്നു.