ഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നാലുകാലുകളുമായി പെണ്‍കുഞ്ഞ് ജനിച്ചു. ബുധനാഴ്ച്ച കമല രാജ ആശുപത്രിയിലാണ് ആരതി കുശ്വാഹ എന്ന യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. നവജാത ശിശു ആരോഗ്യത്തോടെയിരിക്കുന്നുവെന്നും 2.3 കിലോ ഭാരമുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗ്വാളിയാറിലെ ജയാരോഗ്യ ഹോസ്പിറ്റല്‍ ഗ്രൂപ്പില്‍നിന്നും സൂപ്രണ്ടുള്പ്പെടെയുളള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞ് ശാരീരിക വൈകല്യങ്ങളോടെയാണ് ജനിച്ചിരിക്കുന്നതെന്നും മെഡിക്കല്‍ ഭാഷയില്‍ ഇതിനെ 'ഇഷിയോപാഗസ്' (ischiopagus) എന്നാണ് വിളിക്കുകയെന്നും ജയാരോഗ്യ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ആര് കെ എസ് ധക്കാഡ് പറഞ്ഞു.
'പെണ്‍കുഞ്ഞിന്റെ അധികമായുളള രണ്ട് കാലുകളും പ്രവര്‍ത്തനരഹിതമാണ്. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ വൈകല്യമുണ്ടോ എന്നാണ് ശിശുരോഗ വിദഗ്ദര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. പരിശോധനകള്‍ക്കുശേഷം കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ അവളുടെ ശേഷിയില്ലാത്ത കാലുകള്‍ നീക്കംചെയ്യും. ഇതോടെ കുട്ടിക്ക് സാധാരണ ജീവിതം നയിക്കാനാവും'- ഡോ. ധക്കാഡ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈ വര്‍ഷം മാര്‍ച്ചില്‍ മധ്യപ്രദേശിലെ രത്നാമില് ഒരു സ്ത്രീ രണ്ട് തലകളും മൂന്ന് കൈകളുമുളള കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നും ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് സാധാരണഗതിയില്‍ അധികം ആയുസ് ഉണ്ടാവാറില്ലെന്നും അന്ന് കുട്ടിയെ ചികിത്സിച്ച ഡോ. ബ്രജേഷ് ലഹോട്ടി പറഞ്ഞിരുന്നു.