മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്. സുശാന്തിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്ത കൂപ്പര്‍ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന രൂപ് കുമാര്‍ ഷാ എന്നയാളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. നടന്റേത് കൊലപാതകമാണെന്നും ശരീരത്തിലുടനീളം നിരവധി പാടുകളുണ്ടായിരുന്നെന്നുമാണ് രൂപ്കുമാര്‍ ഷാ പറയുന്നത്. ടിവി 9 ന് നല്കിയ അഭിമുഖത്തിലാണ് ആശുപത്രി ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.
'അന്ന് അഞ്ച് മൃതദേഹങ്ങളാണ് പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചത്. അതിലൊന്ന് ഒരു വി ഐ പിയുടേതാണെന്ന് അറിഞ്ഞിരുന്നു. പിന്നീടാണ് അത് സുശാന്താണെന്ന് മനസിലായത്. അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം പാടുകളുണ്ടായിരുന്നു. കഴുത്തില്‍ രണ്ടോ മൂന്നോ പാടുകള്‍ മാത്രമാണുണ്ടായത്. സാധാരണ പോസ്റ്റ്മാര്‍ട്ടം റെക്കോര്‍ഡ് ചെയ്യുമായിരുന്നു. എന്നാല്‍ മേലധികാരികള്‍ പറഞ്ഞത് മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തിയാല്‍ മതി എന്നായിരുന്നു. അവരുടെ നിര്‍ദേശം ഞങ്ങള്‍ അനുസരിക്കുകയായിരുന്നു'- രൂപ്കുമാര്‍ ഷാ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സുശാന്തിന്റെ മൃതദേഹം കണ്ടപ്പോള്‍തന്നെ അത് ആത്മഹത്യയല്ലെന്ന് തനിക്ക് തോന്നിയിരുന്നെന്നും പോസ്റ്റ്മാര്‍ട്ടം ചെയ്ത വ്യക്തി ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെന്നും രൂപ്കുമാര്‍ പറഞ്ഞു. കൊലപാതകമാണെന്ന് മേലധികാരികളോട് പറഞ്ഞപ്പോള്‍ അത് പിന്നീട് ചര്‍ച്ച ചെയ്യാം എന്നായിരുന്നു അവര്‍ പറഞ്ഞതെന്നും രൂപ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. 2020 ജൂണ്‍ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്.