ചെന്നൈ: തമിഴ്നാട്ടിലെ മധുരൈ വിമാനത്താവളത്തില്‍നിന്ന് തനിക്കും മാതാപിതാക്കള്‍ക്കും നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് നടന് സിദ്ധാര്‍ത്ഥ്. തന്നെയും മാതാപിതാക്കളെയും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇരുപതുമിനിറ്റോളം മാനസികമായി പീഡിപ്പിച്ചെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ബാഗുകളില്‍നിന്ന് നാണയങ്ങള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടെന്നും ഇംഗ്ലീഷില്‍ സംസാരിക്കാനാവശ്യപ്പെട്ടപ്പോള് ഇന്ത്യയില്‍ ഹിന്ദിയാണ് സംസാരിക്കുകയെന്ന് പറഞ്ഞെന്നുമാണ് സിദ്ധാര്‍ത്ഥിന്റെ ആരോപണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'മധുരൈ വിമാനത്താവളത്തില്‍ ഇരുപത് മിനിറ്റോളം സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ വലച്ചു. പ്രായമായ എന്റെ മാതാപിതാക്കളോട് ബാഗുകളില്‍നിന്ന് നാണയങ്ങള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ ഹിന്ദിയിലാണ് ആശയവിനിമയം നടത്തിയത്. ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അവരതിന് തയാറായില്ല. പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇങ്ങനെയാണ് എന്നാണ് ഉദ്യോഗസ്ഥന് പറഞ്ഞത്'- സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്പ്പിക്കലുള്പ്പെടെയുളള നയങ്ങള്‍ക്കെതിരെ നിരന്തരം പ്രതികരിക്കുന്നയാളാണ് സിദ്ധാര്‍ത്ഥ്. ഇരുപത് വര്‍ഷമായി സിനിമാ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സിദ്ധാര്‍ത്ഥ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രധാനമായും അഭിനയിക്കുന്നത്.