ആര്‍ത്തവ വേദന നേരിട്ട് അറിയാത്ത, കണ്ടില്ലെന്ന് നടിക്കുന്ന പുരുഷ കേസരികളാണ് കുസാറ്റിന്റെ ആര്‍ത്തവ അവധിയെ പരിഹസിക്കുന്നത്- ഡോ. ഷിംന അസീസ്

ആര്‍ത്തവ വേദന നേരിട്ട് അറിയാത്ത, കണ്ടില്ലെന്ന് നടിക്കുന്ന പുരുഷ കേസരികളാണ് കുസാറ്റിന്റെ ആര്‍ത്തവ അവധിയെ പരിഹസിക്കുന്നതെന്ന് ഡോ. ഷിംന അസീസ്. വയറുവേദനയും ശരീരവേദനയും വയറിളക്കവും തലകറക്കവും ഛർദ്ദിയുമുൾപ്പെടെയുളള പ്രശ്നങ്ങളാണ് മിക്ക സ്ത്രീകൾക്കും ആർത്തവ ദിവസങ്ങളിൽ നേരിടേണ്ടിവരുന്നതെന്ന് ഷിംന അസീസ് പറയുന്നു. ആ ദിവസങ്ങളിൽ പഠിക്കാനും ജോലിക്കുമൊക്കെ പോകേണ്ടിവരുന്നത് വലിയ കടമ്പയാണെന്നും ജെൻഡർ ഇക്വിറ്റി എന്നത് വൈവിധ്യങ്ങളെ ചേർത്തുനിർത്തൽ കൂടിയാണെന്നും അവർ പറഞ്ഞു. ആർത്തവ ദിവസങ്ങളിൽ വിശ്രമം ലഭിച്ചാൽ കൂടുതൽ പ്രൊഡക്ടിവിറ്റിയോടെ വരും ദിവസങ്ങളെ നേരിടാൻ അവർക്കു സാധിക്കുമെന്നും ആർത്തവ അവധി സ്വാഗതാർഹമായ തീരുമാനമാണെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഷിംന അസീസിന്റെ കുറിപ്പ്

ആർത്തവകാലം പലർക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്‌. ദേഷ്യവും സങ്കടവും ഒരു പരിധി വിട്ട്‌ വന്ന്‌ കയറും. ആർത്തവം തുടങ്ങുന്നതിന്‌ ഒരാഴ്‌ച മുൻപ്‌ സ്‌റ്റാർട്ട്‌ ചെയ്‌ത്‍ പിരീഡ്‌സ്‌ തുടങ്ങി ഏതാണ്ട്‌ രണ്ട്‌ ദിവസമാകും വരെയൊക്കെ ഇത്‌ തന്നെ സ്‌ഥിതി. വയറുവേദനയും ബ്രസ്‌റ്റ്‌ വേദനയും പുറമെ. ഈ ദിവസങ്ങളിൽ ശരീരവേദന സഹിക്കവയ്യാതെ ബെഡിൽ കിടന്ന്‌ ഉരുളുന്നവരെയും തല കറങ്ങി വീഴുന്നവരെയും ഛർദ്ദിയും വയറിളക്കവും പ്രശ്‌നം സൃഷ്‌ടിക്കുന്നവരെയുമൊക്കെ അറിയാം. വല്ലാത്ത സഹനമാണ്‌ കുറച്ച്‌ ദിവസത്തേക്കെങ്കിലും ഇവർക്കുണ്ടാവുന്നത്‌. ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട്‌ വരുന്ന ക്ഷീണവും പുകിലും വേറെയും.

ആ ദിവസങ്ങളിൽ പഠനത്തിനും ജോലിക്കുമൊക്കെ പോകേണ്ടി വരുന്നത്‌ വല്ലാത്തൊരു കടമ്പയാണ്. ഒരേയിരിപ്പും വാഷ്‌റൂമിൽ സൗകര്യങ്ങൾ ഇല്ലാത്തതും മുതൽ ഭക്ഷണവിരക്‌തിയും ആരോടും മിണ്ടാൻ തോന്നാത്തതും വേദനകളും വിഷമവുമെല്ലാം ഒരു ചിരിയിലൊതുക്കേണ്ടി വരും. ചില്ലറ നയിപ്പല്ല സംഗതി.

ഇതൊന്നും നേരിട്ട്‌ അറിയുകയോ ഇത്‌ വരെ ആരോടും ചർച്ച ചെയ്യുകയോ ചെയ്‌തിട്ടില്ലാത്ത, അതല്ലെങ്കിൽ കണ്ടില്ലെന്ന്‌ നടിക്കുന്ന ഒരു കൂട്ടം പുരുഷകേസരികൾ കുസാറ്റ്‌ നൽകാൻ തീരുമാനിച്ച ആർത്തവാവധിയുടെ വാർത്തയുടെ കീഴിൽ കിടന്ന്‌ മെഴുകുന്നത്‌ കണ്ടു.

ജെൻഡർ ഇക്വിറ്റി എന്നത്‌ വൈവിധ്യങ്ങളെ ചേർത്ത്‌ നിർത്തൽ കൂടിയാണ്‌. ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ ജൈവപരമായ പ്രത്യേകതകൾ കൊണ്ട്‌ സ്‌ത്രീയാണ്‌ അനുഭവിക്കുന്നത്‌. ഇവിടെ അതിന്‌ തക്ക കരുതൽ നൽകേണ്ടതുമവൾക്കാണ്‌. 

ആ ദിവസങ്ങൾ വിശ്രമിക്കാനായി ലഭിച്ചാൽ കൂടുതൽ പ്രൊഡക്‌റ്റിവിറ്റിയോടെ വരും ദിവസങ്ങളെ  നേരിടാൻ അവൾക്ക് സാധിക്കും. സ്‌ത്രീകൾക്ക്‌ മാത്രമല്ല, ട്രാൻസ്‌ജെൻഡർ വ്യക്‌തികളിൽ ആർത്തവമുള്ളവർക്കും ഈ അവധി ബാധകമാവണം.

ആർത്തവാവധി സ്വാഗതാർഹമായ തീരുമാനമാണ്‌. കൂടുതൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇത് കടന്ന് വരട്ടെ...!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 3 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More