തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ നല്കുന്ന 'ഹൃദയപൂര്‍വ്വം പൊതിച്ചോറി'ലെ വൈറല്‍ കുറിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. 'കേരളം' എന്ന ക്യാപ്ഷനോട് കൂടിയാണ് ബിന്ദു കൃഷ്ണ കുറിപ്പ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. 'ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ, ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേദമാകട്ടെ..' എന്നാണ് വിദ്യാര്‍ത്ഥി എഴുതിയത്. ഈ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വളരെ വേഗം വൈറലാവുകയായിരുന്നു.
പൊതിച്ചോറിനുള്ളില്‍ കുറിപ്പ് എഴുതിവെച്ച ആളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ലെങ്കിലും സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള നിരവധിയാളുകളാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പൊതിച്ചോറില്‍ കുറിപ്പ് വെച്ച വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് രംഗത്തെത്തി. 'ഓരോ ഉരുളയിളുമുണ്ട് ഒരായിരം സ്നേഹവറ്റുകള്‍. ഈ കുറിപ്പ് എഴുതിയ ആള്‍ക്കും ഡി വൈ എഫ് ഐക്കും അഭിവാദ്യങ്ങള്‍. കുഞ്ഞേ അക്ഷരങ്ങള്‍ ശ്രദ്ധിക്കുമല്ലോ' എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. പൊതിച്ചോറിനൊപ്പം കുറിപ്പ് പങ്കുവെച്ച വിദ്യാര്‍ത്ഥിയെ കണ്ടുപിടിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ അഭിനന്ദിക്കണമെന്നാണ് ഒരു വിഭാഗം ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം നല്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വം പൊതിച്ചോറ്. വര്‍ഷങ്ങളായി ആശുപത്രികളില്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്. ഒരുവര്‍ഷം ലക്ഷക്കണക്കിന് പൊതിച്ചോറാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നതെന്നാണ് ഡി വൈ എഫ് ഐ നേതൃത്വം അവകാശപ്പെടുന്നത്.