ചെന്നൈ: തെരുവുനായ ശല്യത്തില്‍ നടപടി ആവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി ചെന്നൈ ക്രോംപേട്ട് പ്രദേശവാസികള്‍. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 'കുരച്ചാണ്' ക്രോംപേട്ടിലെ സുഭാഷ് നഗര്‍ നിവാസികള്‍ പ്രതിഷേധിച്ചത്. പലതവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. താംബരം കോര്പ്പറേഷന് ഓഫീസിലേക്ക് നിവേദനവുമായെത്തിയാണ് പ്രദേശവാസികള്‍ കുരച്ച് പ്രതിഷേധിച്ചത്.
എന്നാല്‍ നിവേദനം സ്വീകരിക്കാന്‍ കോര്‍പ്പറേഷനില്‍ അധികൃതരുണ്ടായിരുന്നില്ല. അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍ പ്ലക്കാര്‍ഡുകളും നിവേദനവും ഓഫീസിനുമുന്നിലെ ദേശീയ പതാക കെട്ടിയ തൂണിനുതാഴെ ഉപേക്ഷിച്ചുമടങ്ങി. സുഭാഷ് നഗര്‍ നിവാസിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് അടുത്തിടെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ട്യൂഷനുപോയി തിരികെ വരുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയെ നായ്ക്കള്‍ ആക്രമിച്ചത്. ഇതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി കോര്പ്പറേഷന് ഓഫീസിലേക്കെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സാമൂഹ്യ പ്രവര്ത്തകന് വി സന്താനത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 'താംബരം കോര്‍പ്പറേഷനില്‍ വര്‍ഷങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണ്. കൊവിഡ് കാലത്ത് നായ്ക്കളെ നിയന്ത്രിക്കാനായി അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രികളിലുമായി പ്രതിദിനം അമ്പതിലേറേ പേര് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്നുണ്ട്'- വി സന്താനം പറഞ്ഞു.