മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി മുംബൈയിലെ ചേരികള്‍ തുണികെട്ടി മറച്ചു. മുംബൈ -സോളാപൂര്‍, മുംബൈ-സായ് നഗര്‍ ശിര്‍ദ്ദി എന്നീ വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യാനാണ് നരേന്ദ്രമോദി മുംബൈയിലെത്തുന്നത്. അതിനുമുന്നോടിയുളള ഒരുക്കങ്ങളുടെ ഭാഗമായാണ് ചേരികള്‍ വെളുത്ത തുണി കെട്ടി മറച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ജനങ്ങളുടെ ദാരിദ്രം ചക്രവര്‍ത്തി കാണാതിരിക്കാനാണ് തുണികെട്ടി മറച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
'ചക്രവര്‍ത്തി നരേന്ദ്രമോദി മുംബൈയിലേക്ക് പോകുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാരിദ്രം കാണാതിരിക്കാനുളള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ദാരിദ്രം കണ്ട് ചക്രവര്‍ത്തിയുടെ ഹൃദയം അസ്വസ്ഥമാകാതിരിക്കാന്‍ എപ്പോഴും ചെയ്യുന്നതുപോലെ ഇത്തവണയും പാവപ്പെട്ടവരുടെ വീടുകള്‍ തുണികെട്ടി മറച്ചിട്ടുണ്ട്. പക്ഷെ, ഇത്തവണ ചക്രവര്‍ത്തി വലിയ മനസുകാണിച്ചിട്ടുണ്ട്. ഗുജറാത്തിലെപ്പോലെ മതില് കെട്ടി മറച്ചിട്ടില്ല'- വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ ജി20 ഉച്ചകോടിയോട് അനുബന്ധിച്ചും മുംബൈയിലെ ചേരികള്‍ തുണികെട്ടി മറച്ചിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രതിനിധികളെത്തുന്ന വേദിയിലേക്കുളള വഴികളാണ് തുണികെട്ടി മറച്ചത്. സംഭവം വിവാദമായപ്പോള്‍ സൗന്ദര്യവത്കരത്തിന്റെ ഭാഗമായാണ് തുണികെട്ടി മറച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഒരുമാസത്തിനുളളില്‍ ഇത് രണ്ടാം തവണയാണ് മോദി മുംബൈ സന്ദര്‍ശിക്കുന്നത്. മുംബൈ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മോദിയുടെ തുടര്‍ച്ചയായുളള മുംബൈ സന്ദര്‍ശനം.