തിരുവനന്തപുരം: ചിന്താ ജെറോം കാലാവധി കഴിഞ്ഞിട്ടും പദവിയൊഴിയുന്നില്ലെന്ന് പരാതി. സംസ്ഥാന യുവജനകമ്മീഷന് അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്തയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു പന്തളമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. മിനിമം മൂന്നുവര്‍ഷമാണ് യുവജന കമ്മീഷന് അധ്യക്ഷയുടെ കാലാവധി. ആറുവര്‍ഷമായി ചിന്താ ജെറോം പദവിയില്‍ തുടരുകയാണെന്നും യുവജന കമ്മീഷന് ആക്ട് ലംഘനമാണ് നടക്കുന്നതെന്നും വിഷ്ണു പന്തളം ആരോപിക്കുന്നു.
'യുവജന കമ്മീഷന് അധ്യക്ഷയ്ക്ക് മിനിമം മൂന്നുവര്‍ഷമാണ് കാലാവധി. ആറുവര്‍ഷമായി ചിന്ത പദവിയില്‍ തുടരുകയാണ്. യുവജന കമ്മീഷന് ആക്ട് അനുസരിച്ച് ഒരാള്‍ക്ക് പരമാവധി രണ്ടുതവണയാണ് പദവിയില്‍ തുടരാന്‍ അനുമതിയുളളത്. ഗ്രേസ് പിരീഡില്‍ കൂടി ശമ്പളം വാങ്ങിയെടുക്കാനാണ് അവര്‍ പദവിയില്‍ തുടരുന്നത്'- വിഷ്ണു പന്തളം പരാതിയില്‍ പറയുന്നു. നേരത്തെ ആഢംബര ഹോട്ടലിലെ താമസവുമായി ബന്ധപ്പെട്ട് ചിന്തയ്ക്കെതിരെ പരാതി നല്കിയതും വിഷ്ണുവാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചിന്തയ്ക്കെതിരെ പരാതി നല്‍കിയതിന് തനിക്ക് വധഭീഷണിയുണ്ടായതായും റിസോര്‍ട്ടുടമ വാട്ട്സാപ്പിലൂടെ ഭീഷണി സന്ദേശം അയച്ചതായും വിഷ്ണു പന്തളം വെളിപ്പെടുത്തിയിരുന്നു. വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു