പാറ്റ്ന: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയിലൂടെ ലഭിച്ച ഊര്‍ജ്ജം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചുനിന്നാല്‍ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകള്‍ നൂറില്‍ താഴെയാകുമെന്നും കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് പ്രതിപക്ഷ കക്ഷികളുടെ യോഗംവിളിച്ച് പ്രതിപക്ഷ ഐക്യപ്രഖ്യാപനം നടത്തണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സി പി ഐ എം എല്ലിന്റെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
'ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയാറാണ്. നമ്മള് ഒന്നിച്ചുനിന്നാല്‍ 2024-ല്‍ ബിജെപിക്ക് നൂറുസീറ്റ് കടക്കാനാവില്ല. ഭാരത് ജോഡോ യാത്ര വളരെ നന്നായി നടന്നു. പക്ഷെ കോണ്‍ഗ്രസ് അതില്‍ നിര്‍ത്തരുത്. കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് പ്രതിപക്ഷ കക്ഷികളുമായി യോഗം ചേരണം. പ്രതിപക്ഷ ഐക്യ പ്രഖ്യാപനം നടത്തണം. ഏതൊക്കെ സംസ്ഥാനങ്ങളില്‍ ഏതൊക്കെ കക്ഷികളുമായി സഖ്യം ചേരണമെന്നും മത്സരിക്കണമെന്നും കോണ്‍ഗ്രസ് തീരുമാനിക്കണം. ഇക്കാര്യത്തില്‍ ഞാന്‍ കോണ്‍ഗ്രസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്'- നിതീഷ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിതീഷ് കുമാറിന്റെ നിലപാടുതന്നെയാണ് കോണ്‍ഗ്രസിനും പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തിലുളളതെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് പറഞ്ഞു. പ്രതിപക്ഷ ഐക്യ പ്രഖ്യാപനമുണ്ടായാല്‍ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്നും നിതീഷ് കുമാറിന്റെ അഭിപ്രായം താന്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും സല്മാന് ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.