മുംബൈ: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഹൃദയാഘാതമുണ്ടായെന്ന് നടിയും മോഡലുമായ സുസ്മിത സെന്‍. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞുവെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുസ്മിത സെന്‍ ഇക്കാര്യം പങ്കുവെച്ചത്. ഡിസ്നി ഹോട്ട് സ്റ്റാർ പരമ്പരയായ ആര്യയുടെ മൂന്നാം സിരീസിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
'നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക. നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളുടെ കൂടെ നില്‍ക്കുമെന്ന് അച്ഛന് എപ്പോഴും പറയുമായിരുന്നു. അത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. രണ്ടുദിവസം മുന്‍പ് എനിക്ക് ഹൃദയാഘാതമുണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് സ്ഥാപിച്ചു. എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇക്കാര്യം സൂഹിക മാധ്യമത്തില്‍ കുറിക്കുന്നത്. വീണ്ടും ജീവിതം ആരംഭിക്കാന്‍ ഞാന്‍ റെഡിയാണ്. കുറെയധികം ആളുകളോട് എനിക്ക് നന്ദി പറയാനുണ്ട്. അത് മറ്റൊരു കുറിപ്പിലൂടെ അറിയിക്കാം'- പിതാവിനൊപ്പമുള്ള ചിത്രത്തോടൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബിവി നമ്പർ 1, ഡോ നോട്ട് ഡിസ്റ്റർബ്, മൈ ഹൂ നാ, മൈനേ പ്യാർ ക്യൂൻ കിയ, തുംകോ നാ ഭൂൽ പായേംഗേ, നോ പ്രോബ്ലം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് സുസ്മിത സെന്‍. ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് സുസ്മിത. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.