കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ വിദ്വേഷ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. നൗഫല്‍ ബിന്‍ യൂസഫ് എന്ന പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന് എന്ന് വിളിക്കണോ എന്നാണ് എം വി ജയരാജന്റെ ചോദ്യം. ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടറാണ് നൗഫല്‍ ബിന്‍ യൂസഫ്. ലഹരിമാഫിയയെക്കുറിച്ചുളള നൗഫലിന്റെ റിപ്പോര്‍ട്ടാണ് വിവാദമായത്. കണ്ണൂരില്‍ ഏഷ്യാനെറ്റിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എം വി ജയരാജന്റെ പരാമര്‍ശം.
'ഒസാമ ബിന്‍ ലാദന് എന്ന് കേട്ടിട്ടേയുളളു. നൗഫല്‍ ബിന്‍ യൂസഫ് എന്ന പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന് എന്ന് വിളിക്കണോ? ബിന്‍ എന്നതിന്റെ കൂടെ ചേര്‍ക്കുന്ന പേര് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്നതാണ് ബിന്‍ കൂടെ ചേര്‍ക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിനുപോലും ഉള്ക്കൊണ്ടാനാകുമോ ഈ നടപടി. നേരൊടെ നിര്‍ഭയമായിട്ടല്ല, നെറികേട് ജനങ്ങളിലെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദനല്ല, യൂസഫ് മാധ്യപ്രവര്‍ത്തനം നടത്തിയത്'- എംവി ജയരാജന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, എം വി ജയരാജന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തി. എത്ര നികൃഷ്ടമായ രീതിയിലാണ് ഈ സിപിഎം നേതാവ് തന്റെയുളളിലുളള വെറുപ്പ് ഛര്ദ്ദിച്ചുവയ്ക്കുന്നതെന്നും ഒരു മുസ്ലീം പേരുകേട്ടാല്‍ ഉടന്‍ കൊടുംഭീകരവാദിയായ ഒസാമാ ബിന്‍ ലാദനോടാണ് താരതമ്യം ചെയ്യേണ്ടതെന്നാണ് സിപിഎം നേതാവ് കരുതുന്നതെങ്കില്‍ അതൊട്ടും നിസാരമല്ലെന്നും വി ടി ബല്‍റാം പറഞ്ഞു. ഇത് മാധ്യമപ്രവര്‍ത്തകനായ ഒരു വ്യക്തിക്കുനേരെയുളള വിമര്‍ശനമല്ലെന്നും പച്ചയായ ഇസ്ലാമോഫോബിയയും വംശവെറിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.