കൊച്ചിയിലേത് സിപിഎമ്മിന്റെ അഴിമതിയുടെ വിഷപ്പുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്. എട്ടു ദിവസങ്ങളായി ഒരു നഗരം മുഴുവൻ വിഷം ശ്വസിക്കുകയാണ്. ജനലുകളും വാതിലുകളുമൊക്കെ അടച്ച് വീടിനുള്ളിൽ ഇരുന്നാൽ മതിയെന്നാണ് കഴിവുകെട്ട ഭരണകൂടം പൊതുജനത്തിനോട് പറയുന്നത്. പിഞ്ചുകുഞ്ഞുങ്ങളിലടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്ന ഈ വിഷപ്പുക നിയന്ത്രിക്കാതെ സർക്കാർ നിഷ്ക്രിയമായി നിൽക്കുകയാണെന്നും സുധാകരന് കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
കൊച്ചി നഗരത്തെ വിഷപ്പുകയിൽ മുക്കിക്കൊല്ലുകയാണ് പിണറായി വിജയനും ഭരണകൂടവും . കൊച്ചിയിൽ നിറഞ്ഞു നിൽക്കുന്നത് വെറും പുകയല്ല, സിപിഎമ്മിന്റെ അഴിമതിയുടെ വിഷപ്പുകയാണ്. എട്ടു ദിവസങ്ങളായി ഒരു നഗരം മുഴുവൻ വിഷം ശ്വസിക്കുകയാണ്. ജനലുകളും വാതിലുകളുമൊക്കെ അടച്ച് വീടിനുള്ളിൽ ഇരുന്നാൽ മതിയെന്നാണ് കഴിവുകെട്ട ഭരണകൂടം പൊതുജനത്തിനോട് പറയുന്നത്. പിഞ്ചുകുഞ്ഞുങ്ങളിലടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്ന ഈ വിഷപ്പുക നിയന്ത്രിക്കാതെ സർക്കാർ നിഷ്ക്രിയമായി നിൽക്കുകയാണ്. കൊച്ചി കോർപ്പറേഷനിലെ ഇടതു ഭരണസമിതി അധികാരത്തിൽ തുടരുന്നത് കൊച്ചിക്ക് മാത്രമല്ല കേരളത്തിന് ഒന്നടങ്കം അപമാനമാണ്.
എന്ത് അഴിമതി കാണിച്ചാലും അധികാരത്തിൽ കടിച്ചു തൂങ്ങുന്നതിൽ യാതൊരുവിധ നാണക്കേടും ഇല്ലെന്ന രാഷ്ട്രീയ അധാർമികത സ്വന്തം അണികളെ പഠിപ്പിച്ചത് പിണറായി വിജയനാണ്. പിണറായി വിജയന്റെ അതേ പാത പിന്തുടർന്ന് കൊച്ചി കോർപ്പറേഷനിൽ ഇടതു ഭരണസമിതി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ ഉണ്ടായ ദുരന്തങ്ങളിൽ കൃത്രിമ ചിരിയുമായി ചാനൽ മൈക്കുകൾക്ക് മുമ്പിൽ വന്നിരുന്ന് പി ആർ ഏജൻസികൾ പഠിപ്പിച്ചു കൊടുത്തതുപോലെ ഉറുമ്പിന് വെള്ളം കൊടുക്കണം, അമ്പലക്കുരങ്ങിന് വെള്ളം കൊടുക്കണം എന്നൊക്കെ പറഞ്ഞു പുണ്യാത്മാവ് ആകാൻ ശ്രമിച്ച പിണറായി വിജയനെ കൊച്ചിയിലും പരിസരപ്രദേശത്തും കാണുന്നുമില്ല. ഉടൻ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ പ്രത്യേക കരുതലിനും സാദ്ധ്യതയില്ല. ഈ വിഷപ്പുകയും ശ്വസിച്ച് എസ്എസ്എൽസി പരീക്ഷ അടക്കം എഴുതാൻ പോകുന്ന നമ്മുടെ കുട്ടികളെക്കുറിച്ചും സിപിഎമ്മിനോ അവരുടെ നേതാക്കൾക്കോ ആശങ്കയുമില്ല.
ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണമാണ് പുറത്തുവരുന്നത്. പതിവുപോലെ സിപിഎം ഉന്നത നേതാക്കളുടെ ബന്ധുക്കൾ തന്നെയാണ് ആരോപണ വിധേയർ. എട്ടു ദിവസമായി തുടരുന്ന വിഷപ്പുകയ്ക്ക് പിന്നിൽ അട്ടിമറിയില്ല എന്ന വാദമാണ് സർക്കാർ മുന്നിലേക്ക് വെക്കുന്നത്. എന്നാൽ കോടികളുടെ അഴിമതി ആരോപിക്കപ്പെടുന്ന ഈ തീവെയ്പ്പിൽ അട്ടിമറി ഉണ്ട് എന്ന് തന്നെ കോൺഗ്രസ് സംശയിക്കുന്നു. നാണവും മാനവും ഉളുപ്പുമില്ലാത്ത അധികാരമോഹികളായ സിപിഎമ്മിൽ നിന്നും രാഷ്ട്രീയ ധാർമികതയുടെ പേരിലുള്ള രാജിയൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഈ കഴിവുകെട്ട, അഴിമതിക്കൂട്ടത്തെ പുറത്താക്കാൻ UDFന്റെ പിന്നിൽ അണിനിരക്കണമെന്ന് സകല വിഭാഗം ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.