ചെന്നൈ: മകന്‍റെയും പെണ്‍സുഹൃത്തിന്‍റെയും സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ പ്രതികരണവുമായി തമിഴ്നാട് കായിക യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍.
മകന്‍റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. എന്‍റെ മകന് 18 വയസുകഴിഞ്ഞു. അതുകൊണ്ട് തന്നെ അവന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്. തനിക്കും മകനും ഭാര്യയ്ക്കും ഇടയില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പറയാന്‍ സാധിക്കില്ല - ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ജനുവരിയിലാണ് ഉദയനിധിയുടെയുടെ മകന്‍ ഇന്‍പനിധിയുടെയും പെണ്‍സുഹൃത്തിന്റെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്‌നേഹിക്കുന്നതിനും സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കില്ലെന്ന് വ്യക്തമാക്കി ഉദയനിധിയുടെ ഭാര്യ കൃതിക ഉദയനിധിയും രംഗത്തെത്തിയിരുന്നു.