മരണം, ജീവനൊഴികെ മറ്റൊന്നും കവർച്ച ചെയ്യുന്നില്ല. ഭരണം, വിധേയരുടെ ജീവനൊഴികെ സർവ്വവും കൊള്ളയടിക്കുന്നു - വി.വി.ഷാജു

''മരണം, ജീവനൊഴികെ മറ്റൊന്നും കവർച്ച ചെയ്യുന്നില്ല. ഭരണം, വിധേയരുടെ ജീവനൊഴികെ സർവ്വവും കൊള്ളയടിക്കുന്നു'' - ഷിൻ ചാൻ

( ഷിൻ ചാൻ, ചൈനയിലെ തായ് മലമടക്കുകളിലെ ഗുഹകളിൽ മാറി മാറി താമസിച്ചു വരുന്ന കവി)

കവിത സമാന്തര വെര്‍ച്വല്‍  ലോകങ്ങളുണ്ടാക്കി ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് ശാഖാ ചംക്രമണം ചെയ്ത് യഥാർത്ഥമെന്ന് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ലോകത്തെ കൊഞ്ഞനം കുത്തുന്ന വാനരനാണ് എന്ന അദ്ധേഹത്തിന്റെ നിരീക്ഷണത്തെ മാത്യു ആർനോൾഡ് അവധൂതനാട്യക്കാരന്റെ സ്ഥല ജലവിഭ്രമം എന്നു കളിയാക്കിയിട്ടുണ്ട്.

ഒരു നേർക്കുനേർ സംവാദത്തിൽ റിൽക്കേ മനുഷ്യാസ്തിത്വത്തിന്റെയും മാനവ സംസ്കാരത്തിന്റെയും അന്തസ്സാര ശൂന്യതയെ  ഉള്ളി എന്ന രൂപകത്തിലൂടെ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ 'യൂറോപ്പ് ഉള്ളി തൊലിച്ച് ശൂന്യതയെക്കുറിച്ചു നെടുവീർപ്പിടുന്നു, ഞങ്ങൾ ഉള്ളി മുളപ്പിച്ച് അതിന്റെ തളിരിലകളെ ഉമ്മ വയ്ക്കുന്നു എന്ന് ഷിൻ ചാൻ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞതായി അദ്ധേഹത്തിന്റെ കാമുകനും വലിയ മീൻപിടുത്തക്കാരനുമായ ഹുവാങ്ങ് ഹ്യൂയി എഴുതിയിട്ടുണ്ട്.

മനുഷ്യ മസ്തിഷ്കവുമായി രൂപ സാദ്യശ്യമുള്ളതൊന്നും കരുണയർഹിക്കുന്നില്ല എന്നു വിശ്വസിച്ചിരുന്ന അദ്ധേഹം കോളിഫ്ലവർ ശത്രുതാപരമായ ഹിംസാപരതയോടെ ഭക്ഷിച്ചിരുന്നു. ഇതേക്കുറിച്ച് അദ്ധേഹത്തിന്റെ സുഹൃത്തായ സ്യൂച്ചിമിൻ പറഞ്ഞിട്ടുള്ളത് 'ചില കാര്യങ്ങളിൽ അങ്ങേയറ്റം വകതിരിവില്ലാതെയും മുൻവിധിയോടെയുമാണ് അദ്ധേഹം ചിന്തിച്ചിരുന്നത് ' എന്നാണ്.

ദൈവം ചൈനക്കാരനായ ഒരു ശിശുവാണ് എന്ന് നിരന്തരം അദ്ധേഹം പറയാറുണ്ടായിരുന്നുവത്രേ. ചിത്ര ലിപികളിലുള്ള ചൈനീസ് ഭാഷയോടുള്ള മതിപ്പിൽ നിന്നാണ് ഷിൻ ചാൻ വിചിത്രമായ ഈ നിരീക്ഷണത്തിലേക്ക് എത്തിപ്പെട്ടത്.

മൂത്രമൊഴിക്കുക, പ്രത്യുൽപ്പാദന വാഹനമായി പ്രവർത്തിക്കുക, ലൈംഗിക മൂർച്ഛയുടെ കേന്ദ്രമായി പ്രവർത്തിക്കുക എന്നിങ്ങനെ മൂന്നു ധർമങ്ങൾക്കായി പുരുഷ ജാതിക്ക് ഒരവയവത്തെ നിർമിച്ച ദൈവം പിശുക്കനായ ഒരു നാണംകെട്ട സമ്പന്നനാണെന്നും മനുഷ്യധിഷണകൊണ്ടും ശരീരശാസ്ത്രപരമായും തനിക്കതിൽ അട്ടിമറിക്കാൻ കഴിയുന്ന  ഒരേ ഒരു ധർമ്മം പ്രത്യുൽപ്പാദന ദൈവശാസ്ത്രമായതുകൊണ്ടാണ് താൻ സ്വവർഗ്ഗാനുരാഗ പാത സ്വീകരിച്ചതെന്നും ബുന്യുവലിനെഴുതിയ ഒരു കത്തിൽ ഷിൻ ചാൻ രേഖപ്പെടുത്തിയിട്ടുണ്ട്.

ശാസ്ത്രത്തെ അദ്ധേഹം അളന്നു തിട്ടപ്പെടുത്താവുന്നതും അർത്ഥശങ്കയില്ലാതെ വിശദികരിച്ച് ആത്മസായൂജ്യമടയാവുന്നതുമായ പരിമിത ജ്ഞാനം എന്നു വിളിച്ചു. 'നോക്കൂ നിങ്ങൾക്ക് ചന്ദ്രനിലിറങ്ങാൻ ആ പേടകം മതി, ആംസ്ട്രോങ്ങിന്റെ ആത്മാവിൽ ലാന്റു ചെയ്യാൻ ഹെമിംഗ് വേയുടെ വാക്കുകൾ വേണ്ടിവരും' എന്ന അദ്ധേഹത്തിന്റെ വാക്കുകൾ ഹെമിംഗ് വേയുടെ ആത്മഹത്യ രണ്ടു ദിവസം ദീർഘിപ്പിച്ചതായി അദ്ധേഹത്തിന്റെ ജീവചരിത്രകാരൻ എഴുതിയിട്ടുണ്ടത്രേ.

കമ്യൂണിസ്റ്റു പാർട്ടിയുടെ ഏക പാർട്ടി സ്വേച്ഛാധിപത്യത്തെക്കുറിച്ച് പ്രവചനാത്മകമായി അദ്ധേഹം പറഞ്ഞത് 'ഒറ്റച്ചക്രം മാത്രമുള്ള വാഹനം അതിന്റെ കേന്ദ്രീകൃത ഘടനയുടെ ആനുകൂല്യം കാരണം വേഗത്തിലും ദൂരത്തിലും മറ്റെല്ലാത്തിനെയും അതിശയിക്കും, പക്ഷേ യാത്രികർ ഒരിക്കലും ആഹ്ലാദവാൻമാരാകില്ല' എന്നാണ്.

കമ്യൂണിസ്റ്റു പാർട്ടി അദ്ധേഹത്തെ നിരന്തരമായി വേട്ടയാടിയപ്പോൾ മുതലാളിത്ത അമേരിക്കയും സ്വീഡനും അഭയം വാഗ്ദാനം ചെയ്യുകയുണ്ടായി. ഷിൻ ചാൻ സ്വീഡനോട് പറഞ്ഞത് നിത്യ സമാധാനത്തിന്റെ പുല്ല് ബുദ്ധാനുയായിയായ പശുവിനെപ്പോലും വിരസതയുടെ വിഷം പകർന്നു കൊല്ലും എന്നാണ്. അമേരിക്കൻ പ്രസിഡണ്ടിനയച്ച കത്തിൽ അദ്ധേഹം എഴുതി: ജനാലയിലൂടെ മലത്തിന്റെ ദുർഗന്ധം വരുന്നുവെന്നു കരുതി ആരെങ്കിലും സെപ്റ്റിക് ടാങ്കിലേക്കു ചാടുമെന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ?. 

ചൈനയിൽ വസൂരി പടർന്നു പിടിച്ചപ്പോൾ 'എനിക്കു വസൂരി തരൂ ,മാവോയെ എനിക്കാലിംഗനം ചെയ്യണം' എന്നദ്ദേഹം പറയുകയുണ്ടായി. സൂയിസൈഡ് ബോംബർ എന്ന ആശയം വരുന്ന വാക്ക് ചരിത്രത്തിലാദ്യമായി ഒരു മനുഷ്യൻ പ്രയോഗിക്കുന്നത് ഈ സന്ദർഭത്തിലാണത്രേ.

Contact the author

Recent Posts

C J George 1 year ago
Books

സോദരത്വേനയുള്ള ചിന്ത- സി.ജെ.ജോർജ്ജ്

More
More
National Desk 1 year ago
Books

ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം

More
More
Books

മാമ ആഫ്രിക്ക അഥവാ കറുത്തവരുടെ പ്രണയം - മൃദുലാ ഹേമലത

More
More
Books

പിഗ്മെൻ്റ് -ചിതറി ഒന്നാകുന്ന പലതുകൾ - ദീപക് നാരായണന്‍

More
More
Web Desk 3 years ago
Books

സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന് ഈ വര്‍ഷത്തെ ബുക്കർ പ്രൈസ്

More
More
Dr. Jayakrishnan 3 years ago
Books

ജോസ് ചിറമ്മല്‍: മലയാള നാടക ചരിത്രത്തിലെ വഴിവിളക്ക് - ഡോ. ടി. ജയകൃഷ്ണൻ

More
More