ജോസ് ചിറമ്മല്‍: മലയാള നാടക ചരിത്രത്തിലെ വഴിവിളക്ക് - ഡോ. ടി. ജയകൃഷ്ണൻ

ജോസ് ചിറമ്മലിൻ്റ നാടകജീവിതത്തെപ്പറ്റി തൃശൂരിലെ 'ജോസ് ചിറമ്മൽ സ്മാരക സമിതി' പുറത്തിറക്കിയ അഞ്ഞൂറിലധികം പേജുകളുള്ള പുസ്തകം ഒറ്റയിരുപ്പിനങ്ങ് വായിച്ചുതീർത്തു. സുഹൃത്തായ ഡോ. ബ്രഹ്മപുത്രനാണ് പുസ്തകം സ്പീഡ് പോസ്റ്റിൽ അയച്ച് തന്നത്.

തൃശൂർ ഡ്രാമാ സ്കൂള്‍ ആദ്യബാച്ചുകാരനായ ജോസ് ചിറമ്മൽ,നാടക സംവിധാനത്തിലെ ബിരുദവുമായി1980 കളിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെത്തുന്നത്. രണ്ടുപേരാണ് ഇത്തരത്തില്‍ അക്കാലത്ത് കാമ്പസിലെത്തിയത്. ഒന്നാമന്‍ കെ.എ കൊടുങ്ങല്ലൂരിൻ്റെ മകൻ ദിലീപ് ആയിരുന്നു. അദ്ദേഹം കാമ്പസിൽ "രക്ഷകൻ " എന്ന നാടകം സംവിധാനം ചെയ്തു. ഇതു് യൂനിവേഴ്സിറ്റി തലത്തിൽ ധാരാളം സമ്മാനങ്ങൾ നേടിയിരുന്നു. ക്യാമ്പസ് നാടകവേദികളിൽ തീ പന്തത്തിൻ്റെ വെളിച്ചവും ചെണ്ടയുടെ താളവും ഇതിലാണ് ആദ്യമായി എത്തിയതെന്ന് "ദൃശ്യകല"യിൽ നീലൻ എഴുതിയതായി ഓർക്കുന്നു. തൊട്ടടുത്ത വർഷം "കഴുകൻ" എന്ന നാടകമാണ് അദ്ദേഹം തട്ടില്‍ കയറ്റിയത്. തുടര്‍ന്ന് തിരുവനന്തപുരം ദൂരദർശനിൽ ജോലി കിട്ടി അദ്ദേഹം പോയതായി അറിഞ്ഞു.

രണ്ടാമനായാണ്‌ ജോസ് ചിറമ്മൽകാമ്പസിലെത്തുന്നത്. കാമ്പസും മെൻസ് ഹോസ്റ്റൽ ഫസ്റ്റ് ബ്ലോക്കും അന്നൊരു സംസ്കാരിക കേന്ദ്രം കൂടിയായിരുന്നു. ജോസ് ഇവിടെ ജോൺ എബ്രഹാമിൻ്റെ "ചെന്നായ്ക്കൾ അഥവാ പട്ടിണി മരണം " ആണ് ആദ്യം ചെയ്തത്.

" ചെന്നായ്ക്കൾ

ചെന്നായ്ക്കൾ

തിന്നുന്നു മനുഷ്യൻ്റ

കൈയ്യുകൾ

കൈയ്യുകൾ ...

കരളുകൾ

കരളുകൾ ...

എന്ന് ഓഡിറ്റോറിയം ഹാളിലെ റിഹേഴ്സലിൽ കോറസ് അലറി വിളിക്കുമ്പോൾ ജോസ് ഹാളിൻ്റെ പിറകിൽ പോയി ശ്രദ്ധിക്കുന്നതും രചന നടത്തിയ ജോൺ പോലും (ദൃശ്യകല - മാസിക) തൻ്റെ നാടകത്തിൻ്റെ രൂപമാറ്റം കണ്ട്  അത്ഭുതത്തോടെ കസേരയിൽ അടങ്ങി ഇരിക്കുന്നതും കണ്ടിട്ടുണ്ട്. ഈ നാടകത്തിന് യൂനിവേഴ്സിറ്റി, ഇൻ്റർമെഡികോസ് തലത്തിൽ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.തുടർന്നുള്ള വർഷങ്ങളിൽ കേരളത്തിലെ യൂനിവേഴ്സിറ്റി കലോത്സവ നാടകവേദിയിൽ രചനയിലും അവതരണത്തിലും ഒരു " ജോസ് ചിറമ്മൽ ' ട്രെൻഡ് തന്നെ ഉണ്ടായി.

1983 ൽ മെഡിക്കൽ കോളേജ് യൂണിയൻ ഡേയ്ക്കും ജോസ് രൂപം കൊടുത്ത തൃശുർ റൂട്ടിൻ്റെ "സൂര്യവേട്ട " അരങ്ങേറി (ഉത്പൽ ദത്തിൻ്റെ ).പൂരാണ ഇതിവൃത്തം സമകാലിക രാഷ്ട്രീയവുമായി ഇണക്കി പ്രസക്തമാക്കിയതും നടീനടന്മാര്‍ തന്നെ  പെട്ടികൾ പ്രോപ്പർററി ആയി ഉപയോഗിച്ച്  അരങ്ങ് മാറ്റി ഒരുക്കന്നതും ഇന്നും ഓർമ്മയിലുണ്ട്. പിന്നീട് അത്ഭുത മണിയും, ഡംബ് വെയിറ്റർ ( ഹരോൾഡ് പിൻ്റർ)തുടങ്ങിയ നാടകങ്ങളും ജോസ് കോളേജിൽ ചെയ്തതായി ഓർക്കുന്നു.

നാടകമില്ലാത്ത അവസരങ്ങളിലും ജോസ് കോഴിക്കോടെത്തിയാൽ ഹോസ്റ്റലിൽ എത്തുമായിരുന്നു. ജോസിലെ നാടകകൃത്തിനെ സകൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കണ്ടെത്തിയ കണിമംഗലം ഐ.എം വേലായുധൻ മാഷിൻ്റെ മകൻ ഐ.വി.ജയറാം മെഡിക്കൽ വിദ്യാർത്ഥിയായി ഇവിടെയുണ്ടായിരിന്നു.

അടിയന്തിരാവസ്ഥക്ക് ശേഷം കാമ്പസുകളിൽ സംസ്കാരിക ഉണർവുണ്ടായ കാലമായിരുന്നു അത്. പുറമേ സംസ്കാരിക വേദി യുടെ അടക്കം തെരുവ് നാടകങ്ങളും ലിറ്റിൽ മാഗസിനുകളും കവി അരങ്ങുകളും ഇടപെടലുകൾ നടത്തുന്ന കാലം. ക്രിസ്തുവിൻ്റെ ആറാം തിരുമുറിവടക്കമുള്ള നാടക നിരോധനങ്ങളുടേയും കാലം കൂടിയായിരുന്നുഅത്. പിന്നീട് ശാസ്ത്രസാഹിത്യപരിഷത്ത് കലാജാഥയുടെ ഭാഗമായി തെരുവ് നാടകങ്ങൾ പ്രചരിപ്പിക്കുന്നതും ഇക്കാലത്തുതന്നെയാണ്.

ഇന്ത്യൻ പുരാണങ്ങളും ആഫ്രിക്കൻ- ലാറ്റിനമേരിക്കൻ കൃതികളും അടിസ്ഥാനമാക്കി ജോസ്‌ വളരെ യധികം നാടകങ്ങൾ ചെയ്തിട്ടൂണ്ട്. എത്ര കഠിനമായ പ്രമേയമായാലും അവയൊക്കെ ലളിതമായും ആസ്വാദ്യകരമായും സാധാരണക്കാർക്ക് പോലും മനസ്സിലാക്കുന്ന വിധത്തിൽ നാടകമാക്കി മാറ്റാൻ അദ്ദേഹത്തിന് ആവുമായിരുന്നു. നാടകത്തെ പ്രൊസിനിയൻ രീതി മാറ്റി ആധുനികവും ജനകീയവുമായി മാറ്റിയത് ജോസ് ആയിരുന്നു. വിവിധ വേദികളിൽ അദ്ദേഹം സാക്ഷാത്കരിച്ച ചില നാടകങ്ങൾ ഇന്നും എനിക്ക് ഓർക്കാനാകുന്നുണ്ട്. 'മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല മരിക്കുന്നത, ചെണ്ട, അത്ഭുത മണി, മരണക്കളി, പാവക്കൂത്ത്, കിഴക്ക് നിന്നെത്തിയ ദീർഘദർശികൾ, ചിലി - 73,ഗോദോയെ കാത്ത് - സാമുവൽ ബക്കറ്റ്,തിയേറ്റർ സ്കെച്ചസ്,ബാദൽ സർക്കാറിൻ്റെ - ഭോമ

ബാദൽ സർക്കാറിൻ്റെ കൃതിയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ചെയ്ത കേരളത്തിൽ / ഇന്ത്യയിൽ അങ്ങോളമിങ്ങോളം തെരുവ് നാടക രീതിയിൽ / സാൻഡ് വിച്ച് രീതിയിൽ  അരങ്ങേറിയ "ഭോമാ" കണ്ണൂർ ജില്ലയിലെ എൻ്റെ ജന്മനാടായ കൂവേരി എന്ന ഗ്രാമത്തിൽ പോലും പരേതനായ എൻ്റെ ഏട്ടൻ ഡോ.രാധാകൃഷ്ണൻ്റെ സംഘാടന നേതൃത്വത്തിൽ ജവഹർ  വായനശാലയുടെ ആഭിമുഖ്യത്തിൽ അവതരിക്കപ്പെട്ടിട്ടുണ്ട്.ഇന്നും കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ജോസുമായുള്ള സൗഹൃദം ഹൃദയത്തിൽ സൂക്ഷിക്കുന്നവരെ കണ്ടെത്തവുന്നതാണ്. ജീവിതം മുഴുവൻ നാടകം വിതച്ച് നടന്ന ജോസ് ചിറമ്മൽ കേരളത്തിലെ ഗ്രാമക്കളിൽ മുഴുവൻ നാടകം കളിച്ച്, പരിശീലിപ്പിച്ച് 80 കൾക്ക് ശേഷം മലയാള നാടകവേദി മാറ്റി പണിതുകൊണ്ട് തൻ്റെ അമ്പത്തിമൂന്നാമത്തെ വയസ്സിൽ ഭൂമിയുടെ മാറിൽ കമിഴ്ന്നുറങ്ങി ജീവിത നാടകത്തിൻ്റെ തിരശ്ശീല താഴ്ത്തുകയായിരുന്നു.

അവസാന കാലങ്ങളിൽ അദ്ദേഹത്തിലെ നാടകജ്വാലയിലെ വെളിച്ചം വേണ്ടത്ര ഉൾകൊള്ളാനാകാത്ത വിധം കേര ള സമൂഹം മാറി പോകുകയോ, നാടക വെളിച്ചം വേണ്ടവിധത്തിൻ ഉദ്ദീപിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോകുകയോ ചെയ്തു എന്ന് പുസ്തകത്തിൽ നിന്നു മനസ്സിലാക്കാനാവും. പക്ഷെ എന്നും നാടക ചരിത്രത്തിലെ വഴിവിളക്കായി അദ്ദേഹമുണ്ടായിരിക്കും.ഏതായാലും  ഞാൻ ജീവിച്ച് തീർത്ത 80- 90 കളിലെ സംസ്കാരിക ഭൂപടങ്ങളിലൂടെ ആ പുസ്തകത്താളുകള്‍ എന്നെ കൊണ്ടുപോയി. 

2006 ൽ തൃശ്ശർ മെഡിക്കൽ കോളേജിൽ അജ്ഞാത മൃതദേഹമായി എത്തി പോസ്റ്റ്മോർട്ടം കഴിഞ്ഞ് പുറത്തേക്ക് വണ്ടിയിൽ കയറ്റുമ്പോഴും ഞാനൊരു നോട്ടം മാത്രം കണ്ടു. ഇവിടെ ഉള്ളപ്പോഴെല്ലാം എപ്പോഴും ചിരിച്ച് കണ്ടിരുന്ന അയാൾ രംഗബോധമില്ലാത്ത കോമാളിക്ക് മുമ്പിലും അപ്പോഴും ചിരിച്ച് കൊണ്ടിരുന്നുവോ?...

Contact the author

Recent Posts

C J George 1 year ago
Books

സോദരത്വേനയുള്ള ചിന്ത- സി.ജെ.ജോർജ്ജ്

More
More
National Desk 1 year ago
Books

ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം

More
More
Books

മാമ ആഫ്രിക്ക അഥവാ കറുത്തവരുടെ പ്രണയം - മൃദുലാ ഹേമലത

More
More
Books

പിഗ്മെൻ്റ് -ചിതറി ഒന്നാകുന്ന പലതുകൾ - ദീപക് നാരായണന്‍

More
More
Web Desk 3 years ago
Books

സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന് ഈ വര്‍ഷത്തെ ബുക്കർ പ്രൈസ്

More
More
Fasil 3 years ago
Books

ബഷീർ: തെരുവിലെ അഴുക്കു മൂലകളിലേക്ക് കാതോര്‍ത്ത മനുഷ്യ കഥാകാരന്‍

More
More