പിഗ്മെൻ്റ് -ചിതറി ഒന്നാകുന്ന പലതുകൾ - ദീപക് നാരായണന്‍

അനേകായിരം വ്യക്തിത്വങ്ങളുടെ സമുച്ഛയമാണ് വ്യക്തി എന്ന് സാർത്ര് നിരീക്ഷിക്കുന്നുണ്ട്.'പിഗ്മെൻ്റ്' രണ്ട് പെൺകുട്ടികളുടെ കഥയാണ്. സ്വാഭാവികമല്ലാത്ത ബന്ധ വൈചിത്രൃങ്ങളുടെ ഭാഷാരതി. സാമൂഹ്യബന്ധങ്ങളിലെ, ശരീരകോശങ്ങളിലെ അവർണ്ണ-വർണ്ണ ചിത്രണം. ഒരെഴുത്തുകാരി എന്ന നിലയില്‍ ഷബ്ന മറിയത്തിൻ്റെ നോവൽ അതുകൊണ്ടുതന്നെ അവരുടെ ജീവിതാഖ്യാനമാകുന്നു എന്ന് ഒരര്‍ത്ഥത്തില്‍ പറയാം. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്ന് ഈ നോവൽ വായനാലോകത്തോട് പ്രഖ്യാപിക്കുന്നു. 

'പിഗ്മെൻ്റ്' എന്ന ഈ നോവലിലൂടെ ഒന്നു വഴിനടന്നുനോക്കൂ, അവിടെക്കാണാം...ദളിത് ജീവിതത്തിലെ ഇരുള്‍വെളിച്ചങ്ങള്‍, ആരും പറഞ്ഞിട്ടില്ലാത്ത പ്രണയത്തിൻ്റെ പകപ്പുകൾ, സൂര്യനില്ലാത്ത പകലുകൾ, നക്ഷത്രമില്ലാത്ത രാത്രികൾ. ഈ നോവലിൽ ഒന്ന് ചെവി വെച്ച് നോക്കൂ... കേൾക്കാം. രാത്രിയും പകലും ചേരുന്നതിൻ്റെ ഒരു പതിഞ്ഞ പശ്ചാത്തല സംഗീതം

എന്തുകൊണ്ട് പിഗ്മെൻ്റ് ?

'രണ്ടു ശരീരങ്ങളെങ്കിലും ഒന്നിനേക്കാളൊന്നായി ജീവിച്ച രണ്ടു പെൺകുട്ടികൾ നേരിട്ട അനുഭവങ്ങളുടെ തീപ്പൊള്ളലാണ് പിഗ്മെൻ്റ്. ഉദാത്ത നായികാ സങ്കൽപ്പത്തിൻ്റെ വർണക്കളങ്ങൾ സ്വന്തം ഉടലുകളാൽ മായ്ച്ചുകളഞ്ഞവർ. മത-സാമ്പത്തിക ശക്തികളുടെ താൽപ്പര്യങ്ങളെ മുൻനിർത്തി ജീവിതം സൃഷ്ടിച്ചെടുക്കാൻ ആഗ്രഹിച്ചെങ്കിലും അതിലൊന്നും ഉള്‍ച്ചേരാനാവാതെ അരികുപറ്റിപ്പോയവർ. അവരുടെ ശൈശവം, ബാല്യം, കൗമാരം ,യൗവനം എന്നിവയ്‌ക്കൊപ്പം മാറുന്ന കേരളത്തിൻ്റെ സോഷ്യോ എക്കണോമിക് പരിസരങ്ങളും നോവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കരുത്തുറ്റ ദളിത് നായികയെ നോവലിലുടനീളം വളരെ സ്വാഭാവികമായി വരച്ചു ചേർക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.അവര്‍ വഴിപിരിയുന്ന നിമിഷം മുതൽ പിഗ്മെൻറിലെ നിറങ്ങളെല്ലാം കടുത്തതായി മാറുന്നു.അതോടെ സദാചാര നാട്യങ്ങളെയെല്ലാം കടപുഴക്കി നീങ്ങുന്ന നിറങ്ങളുടെ കുത്തൊഴുക്കായി നോവൽ സ്വയം മാറുന്നു.

നോവലും അതിന്റെ ആഖ്യാനവും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായിത്തീരുന്നത് അത് മഞ്ഞയുടെ ഭ്രാന്തായതുകൊണ്ടാണ്, സ്വാഭാവികതകളിൽ അഭിരമിക്കുന്നവരില്‍ അസ്വാഭാവികതകളെക്കുറിച്ചുള്ള സംശയങ്ങൾ ഉണർത്തുന്നതുകൊണ്ടാണ്, നിർലജ്ജം നിങ്ങളാഘോഷിക്കുന്ന നിറങ്ങൾ നിറമില്ലാത്തവയാണ് എന്ന് നിലവിളിക്കുന്നതുകൊണ്ടാണ്. അതിന്റെ മറുപുറമെന്നോണം 'ഓരോ നിറവും മനോഹരമാണ്,മനോഹരമല്ലാത്ത ഒരു നിറവും ഭൂമിയിലില്ല ' എന്ന് ഓരോ പെയിൻ്റിംഗിനും ശേഷം ആവർത്തിക്കുന്നത് ഒരുപക്ഷേ ഒരേസമയം  നിറങ്ങളിലേക്ക് പ്രവേശിക്കാനും ഇറങ്ങിപ്പോരാനുമുള്ള അദ്യശ്യ വാതിലുകളെ തുറന്നുവെക്കുന്നതായി ചിലയിടളിൽ കാണാൻ കഴിയും.

ഈ നോവലിലെ കഥാപാത്രങ്ങളിലൂടെ ആവിഷ്കൃതമാവുന്നത് ചിതറിത്തെറിക്കാൻ വിധിക്കപ്പെട്ട പാരിസ്ഥിതിക സ്ഥലികളാണ്. പ്രണയ പേടകങ്ങളാണ്. വിരഹ ഔന്നത്യങ്ങളാണ്.തീവ്രമായ പലതരം നോവുകൾക്കിടയിലും - കർഷകർ ദില്ലിയിലേക്ക് കൊടുംക്കാറ്റ് പോലെ പാഞ്ഞു പോകുമ്പോൾ, ഇന്ത്യൻ ഗ്രാമങ്ങളിലാകെ പട്ടിണിപ്പാവങ്ങളുടെ സമരം നടക്കുമ്പോൾ നോവലിലെ രാജച്ഛൻ അവർക്കൊപ്പം ചേർന്നിട്ടുണ്ടാകും എന്ന് വിശ്വസിക്കാനായിരിക്കും വായനക്കാർ ഇഷ്ട്ടപ്പെടുന്നുണ്ടാവുക. കാരണം ഒന്ന് രണ്ടായും, രണ്ട് നാലായും, നാല് പതിനാറായും വിഭജിക്കാൻ ശേഷിയുള്ള ഒരു രാഷ്ട്രീയ വിത്തായിരുന്നു അയാൾ.'പെണ്ണെഴുത്താനന്തര' അനുഭവാഖ്യനങ്ങളുടെ പ്രശ്നവൽക്കരണം ഈ പുസ്തകം ആവശ്യപ്പെട്ടുന്നുണ്ട്, ഗൗരവമായ പല വായനക്കൾക്കര്‍ഹമാണ് 'പിഗ്മെൻ്റ്' എന്ന ഈ കൊച്ചു നോവല്‍.


Contact the author

ദീപക് നാരായണന്‍

Recent Posts

C J George 1 year ago
Books

സോദരത്വേനയുള്ള ചിന്ത- സി.ജെ.ജോർജ്ജ്

More
More
National Desk 1 year ago
Books

ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം

More
More
Books

മാമ ആഫ്രിക്ക അഥവാ കറുത്തവരുടെ പ്രണയം - മൃദുലാ ഹേമലത

More
More
Web Desk 3 years ago
Books

സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന് ഈ വര്‍ഷത്തെ ബുക്കർ പ്രൈസ്

More
More
Dr. Jayakrishnan 3 years ago
Books

ജോസ് ചിറമ്മല്‍: മലയാള നാടക ചരിത്രത്തിലെ വഴിവിളക്ക് - ഡോ. ടി. ജയകൃഷ്ണൻ

More
More
Fasil 3 years ago
Books

ബഷീർ: തെരുവിലെ അഴുക്കു മൂലകളിലേക്ക് കാതോര്‍ത്ത മനുഷ്യ കഥാകാരന്‍

More
More