ബഷീർ: തെരുവിലെ അഴുക്കു മൂലകളിലേക്ക് കാതോര്‍ത്ത മനുഷ്യ കഥാകാരന്‍

Fasil 3 years ago

'ശബ്ദങ്ങൾ' ഘോരഘോരമായ വിമർശന പീരങ്കിയുണ്ടകൾ ഏറ്റുവാങ്ങിയ പുസ്തകമാണെന്ന് പാത്തുമ്മയുടെ ആടിൽ ഒരിടത്ത് ബഷീർ പറയുന്നുണ്ട്. അതിൻ്റെ ഉള്ളടക്കം ഭയങ്കരമാണെന്ന സൂചനയുമുണ്ട്. ഒടുങ്ങാത്ത വിശപ്പിൻ്റെ പ്രതിരൂപമായ പാത്തുമ്മയുടെ ആട് ശബ്ദങ്ങൾ ശാപ്പിട്ട ശേഷം തൻ്റെ പുതപ്പ് തിന്നുവാൻ ശ്രമിച്ചപ്പോഴായിരുന്നു അത്! ആ പുസ്തകത്തിൻ്റെ നിലനില്പിനെ/ ഭാവിയെ സംബന്ധിച്ച നേരിയ ഒരാശങ്ക ബഷീറിൻ്റെ വാക്കുകളിലുണ്ട്. എന്നാൽ ആ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് ഇന്ന് നമുക്കറിയാം. 1947-ൽ പുറത്തിറങ്ങിയ ശബ്ദങ്ങൾ ഇപ്പോൾ ഏഴു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ബഷീറിൻ്റെ മറ്റു പുസ്തകങ്ങളെപ്പോലെ ശബ്ദങ്ങളും പുതിയ പതിപ്പുകൾ വരികയും വിൽക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ 73 വർഷങ്ങൾക്കിടയിൽ ശബ്ദങ്ങൾ വായനക്കാരിൽ നിന്ന് അകന്നുനിന്ന കാലങ്ങൾ ഉണ്ടായിട്ടുള്ളതായും അറിവില്ല.  കഴിഞ്ഞ ദിവസം എൻ്റെ ഏഴാംക്ലാസുകാരനായ മകൻ അവൻ വായിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിലെ 'Magnus Bane' എന്നൊരു കഥാപാത്രത്തെക്കുറിച്ചു പറഞ്ഞതോർക്കുന്നു. 400 വയസ്സുണ്ട് അയാൾക്ക്. ഇപ്പോഴും കണ്ടാൽ പത്തൊമ്പതേ തോന്നൂ. ശബ്ദങ്ങളുടെ കാര്യത്തിലും അത് ശരിയാണെന്നു തോന്നുന്നു. കണ്ടാൽ 73 വയസ്സുണ്ടെന്ന് തോന്നുകയില്ല.

''ഇത് പുരോഗമന സാഹിത്യമാണെങ്കിൽ ചേർത്തല പൂരപ്പാട്ട് ഭഗവദ്ഗീതയാണ്, ഞാൻ യേശുക്രിസ്തുവാണ്.'' എന്ന് നമ്മുടെ പ്രമുഖനായ ഒരു നിരൂപകൻ ശബ്ദങ്ങളെക്കുറിച്ച് അക്കാലത്ത് പറഞ്ഞിട്ടുണ്ട്. നമ്മുടെ സാഹിത്യലോകത്തെ ശബ്ദങ്ങൾ ഇത്രമാത്രം പ്രകോപിപ്പിച്ചത് എന്തുകൊണ്ടാണ്?  ദേവലോകങ്ങളും കൊട്ടാരങ്ങളും ജന്മിമന്ദിരങ്ങളും നിറഞ്ഞുനിന്നിരുന്ന നമ്മുടെ സാഹിത്യത്തിലേക്ക് വീടുകളും കുടിലുകളും കടന്നുവരുവാൻ തുടങ്ങിയ ഒരു കാലത്തിനു പിറകെയാണ് ശബ്ദങ്ങൾ മലയാള സാഹിത്യത്തിലേക്ക് വരുന്നത്. ശബ്ദങ്ങളുടെ രചനയിലൂടെ തെരുവിനെ അതിൻ്റെ എല്ലാ വർണ്ണവിശേഷങ്ങളോടെയും മലയാള സാഹിത്യത്തിലേക്ക് ആനയിക്കുകയാണ് ബഷീർ ചെയ്തത്.

തെരുവിനെന്താണ് കുഴപ്പം? തെരുവ് മറ്റൊരു ആവാസവ്യവസ്ഥയാണ്!

വീടും തെരുവും രണ്ട് ആവാസവ്യവസ്ഥകളാണ്. തെരുവിലും ആളുകൾ ജീവിക്കുന്നതിനാൽ രണ്ടിനെയും മനുഷ്യർ പാർക്കുന്ന ഇടങ്ങളായി നമുക്ക് കരുതാം. മനുഷ്യർ പാർക്കുന്നു എന്ന കാരണം കൊണ്ട്  വീടും തെരുവും ഒന്നാകുന്നുമില്ല. അവ രണ്ടും തീർത്തും ഭിന്നമാണ്. വീടിനും തെരുവിനും വേറെവേറെ ജീവിതമുണ്ട്. അഥവാ വീട്ടിലും തെരുവിലും ജീവിക്കുന്നവർക്ക് വേറെവേറെ ജീവിതാനുഭവങ്ങളാണ് ഉള്ളത്. തെരുവിൽ ജീവിക്കുന്നവർക്ക് വീട്ടിൽ ജീവിക്കുന്നവരിൽ  ഭിന്നമായ ജീവിതമുണ്ട്, അനുഭവങ്ങളുണ്ട്.

വീട് സംസ്കരിക്കപ്പെട്ട ഒരു സ്ഥലമെന്ന നിലയിൽ അതിന് നിയമാവലികളുണ്ട്. ഒട്ടേറെ വിധിവിലക്കുകളുണ്ട്. ഇതൊന്നും തെരുവിനെ ബാധിക്കുന്നവയല്ല. തെരുവിൽ ജീവിക്കുന്നവൻ ബഹിഷ്കൃതനാണ്. അവന് വീടിൻ്റെ / സമൂഹത്തിൻ്റെ നിയമങ്ങളെക്കുറിച്ച് അറിയേണ്ടതില്ല. അതെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല.


ബഷീർ ജീവിതത്തിലെ ഒരു കാലഘട്ടം തെരുവിൽ ജീവിച്ചയാളാണ്. കൈനോട്ടക്കാരനായും മാജിക്കുകാരനായും നിതാന്ത സഞ്ചാരിയായും... ബഷീറിലെ  ആ തെരുവു മനുഷ്യൻ്റെ സത്തയാണ് സാഹിത്യത്തിൻ്റെ നടപ്പുരീതികളെ ചട്ടക്കൂടുകളെ നിർഭയം പൊളിച്ചടുക്കുവാനുള്ള ശേഷി അദ്ദേഹത്തിനു നൽകിയത്.

ബഷീറിൻ്റെ ആദ്യകഥയായ തങ്കം തന്നെ നമ്മുടെ സാഹിത്യത്തിലെ  നായക - നായികാ സങ്കല്പത്തിൻ്റെ / മനുഷ്യരെ സംബന്ധിച്ചുള്ള പൊതുധാരണയുടെ ഒരു പൊളിച്ചെഴുത്തായിരുന്നു. 

''എൻ്റെ തങ്കത്തിൻ്റെ നിറം തനിക്കറുപ്പാണ്. വെള്ളത്തിൽ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ഭാഗങ്ങളായിട്ടു കണ്ണിൻ്റെ വെള്ള മാത്രമേയുള്ളൂ. പല്ലും നഖങ്ങളുംകൂടി കറുത്തതാണ്‌.'' എന്ന് നായികയെ അവതരിപ്പിക്കുന്നു ബഷീർ. നായകൻ്റെ ചിത്രം കുറേക്കൂടി ദൈന്യത നിറഞ്ഞതാണ്.  ഈ രണ്ടു കഥാപാത്രങ്ങളിലൂടെ തെരുവിലെ അതിജീവനത്തിനിടയിൽ കിളിർത്ത പ്രണയകഥ പറയുകയാണ് ബഷീർ. നമ്മുടെ സാഹിത്യത്തിൻ്റെ അന്നുവരെയുള്ള പ്രണയധാരണകളെ / പ്രണയം പാർക്കുന്ന ഉടലുകളെ സംബന്ധിച്ച സാഹിത്യത്തിൻ്റെ തീർപ്പുകളെ പൊളിച്ചുകളയുകയാണ്  ബഷീർ ആ കഥയിലൂടെ ചെയ്തത്. 

ഇടയ്ക്കിടെ അഴുക്കുപുരണ്ട ഭാണ്ഡവും പേറി തെരുവുമനുഷ്യനായ ബഷീർ മലയാള സാഹിത്യത്തിൻ്റെ മുൻമുറ്റത്തേക്ക് കടന്നുവന്ന് തെരുവിൽനിന്ന്/ അഥവാ ജീവിതത്തിൻ്റെ പിന്നാമ്പുറത്തുനിന്ന് താൻ കണ്ടെത്തിയ വസ്തുക്കൾ / ജീവിതങ്ങൾ ചാന്തിട്ടുമിനുക്കിയ ഉമ്മറക്കോലായിൽ കുടഞ്ഞിടുകയാണ് ചെയ്തിരുന്നത്. വേശ്യകളും ഹിജഡകളും സ്വവർഗ്ഗരതിയും സിഫിലിസും ഗോണോറിയയും ആൺവേശ്യയും. വയറിൻ്റേതല്ലാത്ത വിശപ്പുകൾ മനുഷ്യനുണ്ടെന്ന് അയാൾ വിളിച്ചുപറയുന്നു. ആണും പെണ്ണുമല്ലാതെ ഒരു മൂന്നാംലിംഗമുണ്ടെന്നും അവരുടേതു കൂടിയാണ് ഈ ലോകമെന്നും പറഞ്ഞു ധരിപ്പിക്കാൻ ശ്രമിക്കുന്നു. സ്വവർഗ്ഗരതിയുടെ കിതപ്പുകൾ നിറഞ്ഞ ദേവാലയങ്ങളെയും സന്യാസ മoങ്ങളെയും കുറിച്ച് പിറുപിറുക്കുന്നു. 

മൂക്കുപൊത്തി പുലഭ്യം പറഞ്ഞുകൊണ്ടാണ്, അധികാരശക്തി ഉപയോഗിച്ചാണ് നമ്മുടെ സാഹിത്യം ബഷീറിനെ നേരിട്ടത്. തെരുവു മനുഷ്യൻ്റെ മുൻപിൻ ചിന്തയില്ലാത്ത താൻപോരിമയോടെയാണ് ബഷീർ ഈ ആക്രമണങ്ങളെയൊക്കെ ചെറുത്തുനിന്നത്. 

നല്ല എഴുത്തുകാരൻ്റെ ഒരു സവിശേഷത  വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത പുസ്തകങ്ങളിലൂടെ അയാൾ ഇടയ്ക്കിടെ വായനക്കാരിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ്. ഈയടുത്ത ദിവസങ്ങളിൽ തെരുവുബഷീർ എന്നെത്തേടി എത്തിയത് ശബ്ദങ്ങളിലെ നായകനായ പട്ടാളക്കാരനെയും കൊണ്ടാണ്. രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോൾ പിരിച്ചുവിടപ്പെട്ട അഞ്ചുലക്ഷം ഇന്ത്യൻ പട്ടാളക്കാരിൽ ഒരാൾ. അയാൾ പറയുന്നു:

''പട്ടാളക്കാരൻ്റെ കടമയെന്താ? കഴിവുള്ളിടത്തോളം ജനങ്ങളെ കൊല്ലുക...! ഞാൻ കൊന്നു. കുറെ നികൃഷ്ടരായ ഹീനജീവികൾക്കു രാജ്യം അടക്കി ഭരിക്കാൻ വേണ്ടി - ഞാൻ പറയുന്നത് ലോകത്തിലെ യുദ്ധത്തിൻ്റെ നേതാക്കൻമാരെ പറ്റിയാണ്. യുദ്ധഭൂമിയിൽ അവരാരും ഉണ്ടാവുകയില്ലല്ലോ. അവരുടെ മക്കളും ഭാര്യമാരും''...

'ഇപ്പോൾ മതങ്ങളില്ലേ? രാഷ്ട്രീയ സംഘടനകളും. എല്ലാവരും ബഹളം കൂട്ടുന്നു കൊല്ലുന്നു. ഇവർക്കൊക്കെ എന്താണു വേണ്ടത്?' പട്ടാളക്കാരൻ ചോദിക്കുന്നു.

'അവരുടെ ആവശ്യങ്ങളുടെ പരകോടിയിൽ അധികാരം. അതായത് ശക്തി'

'എന്തിന്?'

'ഈ ഭൂമിയിലെ മനുഷ്യരെയും മറ്റെല്ലാ ജീവജാലങ്ങളെയും അടക്കി ഭരിക്കാൻ! മതങ്ങൾ ദൈവത്തിൻ്റെ പേരിൽ. ദൈവത്തിൽ വിശ്വാസമില്ലാത്തവർ അവരുടെ സ്വന്തം പേരിൽ. '

'അതായത്?'

'ഓരോരുത്തർക്കും ജീവിതത്തിന് ഓരോ തത്വശാസ്ത്രമുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നു.'

അതെ, നല്ല പുസ്തകങ്ങൾക്ക് അവ എത്ര തവണ വായിച്ചാലും തീരില്ലെന്ന സവിശേഷതയാണുള്ളത്. നല്ല എഴുത്തുകാർ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകങ്ങളിലൂടെ ഇടയ്ക്കിടെ വായനക്കാരിലേക്ക് തിരിച്ചെത്തുന്നു. 

(ജൂലൈ 5 ബഷീറിൻ്റെ ഓർമ്മദിനം)

Contact the author

Recent Posts

C J George 1 year ago
Books

സോദരത്വേനയുള്ള ചിന്ത- സി.ജെ.ജോർജ്ജ്

More
More
National Desk 1 year ago
Books

ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം

More
More
Books

മാമ ആഫ്രിക്ക അഥവാ കറുത്തവരുടെ പ്രണയം - മൃദുലാ ഹേമലത

More
More
Books

പിഗ്മെൻ്റ് -ചിതറി ഒന്നാകുന്ന പലതുകൾ - ദീപക് നാരായണന്‍

More
More
Web Desk 3 years ago
Books

സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന് ഈ വര്‍ഷത്തെ ബുക്കർ പ്രൈസ്

More
More
Dr. Jayakrishnan 3 years ago
Books

ജോസ് ചിറമ്മല്‍: മലയാള നാടക ചരിത്രത്തിലെ വഴിവിളക്ക് - ഡോ. ടി. ജയകൃഷ്ണൻ

More
More