ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേരാന്‍ തൃണമുല്‍ എം പി മാര്‍ കറുപ്പണിഞ്ഞെത്തിയത് ആവേശമായി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി മൃദു ബി ജെ പി സമീപനം സ്വീകരിക്കുന്നു എന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന ഘട്ടത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ട്ടി കണ്ണിചേര്‍ന്നത് പ്രതിപക്ഷ പാര്‍ട്ടികളിലും എം പി മാരിലും ആവേശമുണ്ടാക്കി. നേരത്തെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഘട്ടത്തിലും ശക്തമായി പ്രതിഷേധിച്ചുകൊണ്ട് മമത പ്രസ്താവന ഇറക്കിയിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്പൂര്‍ണ്ണ ഐക്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
രാവിലെ പ്രതിപക്ഷ എംപിമാര്‍ കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് സഭയിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. ഇതോടെ ലോക്സഭ നാല് മണി വരെയും രാജ്യസഭ 2 മണിവരെയും നിര്‍ത്തിവെക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ടത് ആവശ്യമാണെന്നും അതിനാലാണ് തങ്ങള്‍ പിന്തുണയുമായെത്തിയതെന്നും തൃണമൂല്‍ പ്രതിനിധികള്‍ വ്യക്തമാക്കി. രാവിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലും തൃണമൂല്‍ എം പി മാര്‍ പങ്കെടുത്തിരുന്നു.
രാഹുല്‍ വിഷയത്തില്‍ പ്രതിഷേധിക്കാന്‍ തയാറായ എല്ലാവരോടും കടപ്പാടുണ്ട് എന്നറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഭരണഘടനയേയും ജനങ്ങളുടെ സുരക്ഷയേയും സംരക്ഷിക്കാന്‍ മുന്നോട്ടുവരുന്നവരെയെല്ലാം തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.