തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ നല്കിയ പരാതിയുമായി മുന്‍പോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്പോള്‍ വസ്തുത അന്വേഷിച്ചുവേണം പറയാനെന്നും സ്വപ്നയുടെ നിലപാട് ശരിയല്ലെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു. മാപ്പു പറയില്ലെന്ന സ്വപ്ന സുരേഷിന്റെ നിലപാടുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷിനും വിജേഷ് പിളളയ്ക്കും എം വി ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരു കോടി രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. സ്വപ്ന അപകീര്‍ത്തിപരമായ പരാമര്‍ശമാണ് നടത്തിയതെന്നും മാധ്യമങ്ങളിലൂടെ മാപ്പുപറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിളള എന്നയാള്‍ മുഖേന ഭീഷണിപ്പെടുത്തിയെന്നും ബാംഗ്ലൂര്‍ വിട്ടുപോകാന്‍ പണം വാഗ്ദാനം ചെയ്തെന്നുമാണ് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയത്. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ ആയുസിന് ദോഷം വരുമെന്ന് എംവി ഗോവിന്ദന് പറഞ്ഞതായി വിജേഷ് പിളള പറഞ്ഞെന്നും സ്വപ്ന ആരോപിച്ചിരുന്നു.