ഭീകരവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച ബി ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്കില്ലെന്ന് കെ ടി ജലീല്‍

ചാനല്‍ ചര്‍ച്ചക്കിടെ തന്നെ ഭീകരവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ തല്‍ക്കാലം നിയമനടപടി വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ തീരുമാനമെന്ന് കെടി ജലീല്‍ എംഎല്‍എ. ചര്‍ച്ചക്കിടെ തന്നെ ഗോപാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിച്ച ഡിവൈഎഫ് ഐ നേതാവ് ജെയ്ക്ക് സി തോമസിനോടും വാര്‍ത്താ അവതാരകനോടും ഫേസ്ബുക്കിലൂടെ പിന്തുണയറിയിച്ച കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമിനോടും നന്ദിയുണ്ടെന്നും ജലീല്‍ എന്ന പേരുകാരനായി വര്‍ത്തമാന ഇന്ത്യയില്‍ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുന്നില്‍പോകാന്‍ മനസ് അനുവദിക്കുന്നില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

'ഞാന്‍ ആരാണെന്ന് എന്നെ അറിയുന്ന ജനങ്ങള്‍ക്കറിയാം. ഇന്ത്യക്കാരനായി ജനിച്ച ഈ വിനീതന്‍ ഇന്ത്യക്കാരനായി ജീവിക്കും. ഇന്ത്യക്കാരനായിതന്നെ മരിക്കും. ലോകത്തെവിടെ സ്വര്‍ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടെയും പോകില്ല. കാരണം ഈ നാട്ടിലാണ് എന്റെ വേരുകളും ബന്ധങ്ങളും സൗഹൃദങ്ങളും'- കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ ടി ജലീലിന്റെ കുറിപ്പ്‌

24 ന്യൂസിൻ്റെ അന്തിച്ചർച്ചയിൽ പങ്കെടുത്ത് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ എന്നെ "ഭീകരവാദി" എന്നാക്ഷേപിച്ചതിനെ കുറിച്ച് നിയമ നടപടി സ്വീകരിക്കണമെന്ന് പലരും സഹോദര ബുദ്ധ്യാ ഉണർത്തി. ചർച്ചയിൽ തന്നെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് പി തോമസ് ആ പ്രസ്താവനയോട് ശക്തമായി പ്രതിഷേധിച്ചു. വാർത്താവതാരകനും തൻ്റെ വിയോജിപ്പ് പ്രകടമാക്കി. കെപിസിസി വൈസ് പ്രസിഡണ്ട് ശ്രീ വി.ടി ബൽറാം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലും നിയമ നടപടിയെ കുറിച്ച് സൂചിപ്പിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എല്ലാവരോടും എനിക്ക് ഒരുപാട് നന്ദിയുണ്ട്.

തൽക്കാലം നിയമനടപടി വേണ്ടെന്നാണ് എൻ്റെ വ്യക്തിപരമായ തീരുമാനം."ജലീൽ" എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിൻ്റെയും മുമ്പിൽ പോകാൻ എൻ്റെ മനസ്സ് അനുവദിക്കുന്നില്ല. അതെൻ്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണ്. ജീവിതത്തിൽ ഇന്നോളം ഒരാളെ 'തോണ്ടി' എന്ന കേസിലോ പത്ത് പൈസ ആരെയെങ്കിലും പറ്റിച്ചു എന്ന കേസിലോ അവിഹിത സ്വത്ത്  സമ്പാദനം നടത്തിയെന്ന കേസിലോ ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായുള്ള കേസിലോ ഞാൻ പ്രതിയായിട്ടില്ല.

ഭീകരവാദ ബന്ധം ഉൾപ്പടെ അന്വേഷിക്കുന്ന എൻഐഎ അടക്കം മൂന്ന് അന്വേഷണ ഏജൻസികൾ ഏകദേശം 40 മണിക്കൂർ എന്നിൽ നിന്ന് വിവര ശേഖരണം നടത്തിയിട്ടും ഒരു തരിമ്പെങ്കിലും എൻ്റെ ഭാഗത്ത് തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ല. ഇനിയൊട്ട് കണ്ടെത്തുകയുമില്ല. ഒരു തരത്തിലുള്ള നികുതി വെട്ടിപ്പും നടത്തിയിട്ടില്ല. ടാക്സ് അടക്കാത്ത ഒരു രൂപ പോലും കൈവശമില്ല. കിട്ടുന്ന പരിമിതമായ വരുമാനത്തിൻ്റെ പരിതിക്കുള്ളിൽ ഒതുങ്ങിനിന്നേ ജീവിച്ചിട്ടുള്ളൂ.  കഴിഞ്ഞ 30  വർഷത്തെ എൻ്റെ ബാങ്ക് എക്കൗണ്ടുകൾ മുടിനാരിഴകീറി സസൂക്ഷ്മം നോക്കി. ഞാൻ അനുഭവിക്കുന്ന സ്വത്തുവഹകളും വീട്ടിനകത്തെ ഉപകരണങ്ങളും കണക്കെടുത്ത് പരിശോധിച്ചു. എന്നിട്ടെന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. അന്വേഷണ ഏജൻസികൾക്ക് പകൽ വെളിച്ചം പോലെ എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാനായി.

കോൺഗ്രസ്സിനെയും  ലീഗിനേയും ഞാൻ വിമർശിക്കാറുണ്ട്. ബിജെപിയേയും സംഘ്പരിവാർ ശക്തികളെയും ശക്തമായി എതിർക്കാറുണ്ട്. മുസ്ലിങ്ങളിലെ തീവ്ര ചിന്താഗതിക്കാരെയും മതരാഷ്ട്രവാദികളെയും നിർദാക്ഷിണ്യം തുറന്നുകാട്ടാറുണ്ട്. 

പശുവിൻ്റെയും മതത്തിൻ്റെയും പേരിൽ മനുഷ്യനെ കൊല്ലുന്നെടത്തോളം കാലം, സാധാരണ മനുഷ്യരുടെ വീടുകളും സ്വത്തുക്കളും അഗ്നിക്കിരയാക്കുന്നെടത്തോളം കാലം, സഹോദര മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുന്നിടത്തോളം കാലം, ഇതെല്ലാം ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കുന്നിടത്തോളം കാലം, പല്ലും നഖവും ഉപയോഗിച്ച്‌ അത്തരം കാട്ടാളത്തങ്ങളെ എതിർക്കും. അതിൻ്റെ പേരിൽ ഏത് 'മുദ്ര' പതിച്ച് തന്നാലും എനിക്കതൊരു പ്രശ്നമല്ല. ഞാനാരാണെന്ന് എന്നെ അറിയുന്ന ജനങ്ങൾക്കറിയാം. 

ഇന്ത്യക്കാരനായി ജനിച്ച ഈ വിനീതൻ ഇന്ത്യാക്കാരനായി ജീവിക്കും. ഇന്ത്യക്കാരനായിത്തന്നെ മരിക്കും. ലോകത്തെവിടെ സ്വർഗ്ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടേക്കും പോവില്ല. കാരണം, ഈ നാട്ടിലാണ് എൻ്റെ വേരുകളും ബന്ധങ്ങളും സൗഹൃദങ്ങളും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 4 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 4 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 4 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 5 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 5 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More