ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കളെ അദാനിയുടെ പേരിനൊപ്പം ചേര്‍ത്ത് പരിഹസിച്ച് രാഹുല്‍ ഗാന്ധി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ഹിമാന്ദ ബിശ്വ ശര്‍മ്മ, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി എന്നിവര്‍ക്കൊപ്പം ഗുലാം നബി ആസാദിന്റെയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട അനില്‍ കെ ആന്റണിയുടെയും പേരുകളാണ് രാഹുല്‍ അദാനിയുടെ പേരിനൊപ്പം ചേര്‍ത്തത്. 'അവര്‍ സത്യം മറച്ചുവയ്ക്കുന്നു, അതുകൊണ്ടാണ് അവര്‍ എന്നും തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷെ ചോദ്യം നിലനില്‍ക്കുന്നു. അദാനിയുടെ കമ്പനിയില്‍ ഇരുപതിനായിരം കോടിയുടെ ബിനാമി പണമുളളത് ആര്‍ക്കാണ്'- എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചോദിച്ചത്.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് കണ്ടപ്പോള്‍ ഒരേസമയം സങ്കടവും സന്തോഷവും തോന്നിയെന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ഗുലാം നബി ആസാദിനനെയും ജ്യോതിരാദിത്യ സിന്ധ്യയെയുംപോലുളള വലിയ നേതാക്കള്‍ക്കൊപ്പം തന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്നെ കുഴിയാന എന്ന് പറഞ്ഞ കേരളത്തിലെ നേതാക്കള്‍ ഇതൊക്കെ കാണുമെന്ന് കരുതുന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന സൂചന നല്‍കിയായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണം. 'ബൊഫേഴ്‌സ്, നാഷണല്‍ ഹെറാള്‍ഡ്, അഴിമതികളില്‍നിന്ന് നിങ്ങള്‍ക്ക് ലഭിച്ച പണം എവിടെയാണ് മറച്ചുവെച്ചതെന്ന ചോദ്യം ഒരിക്കല്‍പ്പോലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണ്. ഒട്ടാവിയോ ക്വത്‌റോച്ചിയെ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ പിടിയില്‍നിന്ന് പലതവണ രക്ഷപ്പെടുത്തി. എന്തായാലും നമുക്ക് കോടതിയില്‍ കാണാം' -എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ ട്വീറ്റ്.