തെലുങ്കാന: നടി സാമന്തയ്ക്ക് ക്ഷേത്രം പണിത് ആരാധകന്. ആന്ധ്രപ്രദേശിലാണ് ക്ഷേത്രം ഒരുങ്ങുന്നത്. സന്ദീപ് എന്ന ആരാധകനാണ് ക്ഷേത്രം പണിയുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മ്മിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാമന്തയുടെ പിറന്നാള്‍ ദിവസമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കുമെന്ന് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.
സാമന്ത പ്രധാന വേഷത്തിലെത്തിയ ശാകുന്തളം സിനിമയാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായതെന്ന് സന്ദീപ് പറഞ്ഞു. താന്‍ ഇന്നുവരെ സാമന്തയെ നേരില്‍ കണ്ടിട്ടില്ല. അവരോട് തനിക്ക് സ്നേഹവും ബഹുമാനവുമാണെന്നും അവര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും സന്ദീപ് പറഞ്ഞു. നേരത്തെ തെന്നിന്ത്യന്‍ താരം നയന്‍താര ഉള്‍പ്പെടെയുള്ള താരങ്ങളുടെ പേരില്‍ ക്ഷേത്രമുയര്‍ന്നത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
അതേസമയം, ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ശാകുന്തളത്തിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 65 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്. സാമന്തയുടെ കരിയറിലെതന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്റേത്. തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ പരാജയമാണ് ചിത്രത്തിന് സംഭവിച്ചിരിക്കുന്നതെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രം ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്.