തിരുവനന്തപുരം: വിവാദ ചിത്രം ദി കേരളാ സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ഇസ്ലാം മതം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊളളണമെന്നും കാന്തപുരം പറഞ്ഞു. കേരളാ സ്റ്റോറി മതസൗഹാര്‍ദ്ദം തകര്‍ക്കുകയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുമെന്നും സിനിമയുടെ പ്രമേയം പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ കുറച്ചുകാലമായി രാജ്യത്ത് വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമാവുകയാണ്. ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊളളണം. ഇസ്ലാം തീവ്രവാദത്തെയോ പ്രണയിച്ച് മതംമാറ്റുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്നില്ല. ലവ് ജിഹാദില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും വ്യാജ പ്രചാരണം നടത്തുന്നത് വെറുപ്പ് പരത്തുന്നതിന്റെ ഭാഗമായാണ്. ഈ സിനിമ നാടിന്റെ സമാധാനാന്തരീക്ഷത്തിനുതന്നെ ഭീഷണിയാണ്'- കാന്തപുരം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പാഠപുസ്തകങ്ങളില്‍നിന്ന് മുഗള്‍ ചരിത്രമുള്‍പ്പെടെ നീക്കംചെയ്യാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. ചരിത്രത്തെ തിരുത്തുന്നത് നാടിന്റെ നാശത്തിന് കാരണമാകുമെന്നാണ് കാന്തപുരം പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ നാടിന്റെ യഥാര്‍ത്ഥ ചരിത്രം പഠിക്കാന്‍ സന്നദ്ധരാകണമെന്നും രാഷ്ട്രീയവും സാംസ്കാരികവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.