ഹൈദരാബാദ്: വന്‍ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ അഖില്‍ അക്കിനേനി-മമ്മൂട്ടി ചിത്രം ഏജന്റ് പരാജയപ്പെട്ടതില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് അനില്‍ സുന്‍കര. ഏജന്റ് പരാജയപ്പെട്ടതിന്റെ എല്ലാ ഉത്തരവാദിത്തവും തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച ചിത്രം പരാജയപ്പെട്ടതില്‍നിന്ന് വലിയ പാഠമാണ് പഠിച്ചതെന്നും അനില്‍ സുന്‍കര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇത് വലിയൊരു ദൗത്യമായിരുന്നു. വന്‍ വിജയം നേടുമെന്ന് കരുതി. എന്നാല്‍ ഞങ്ങള്‍ പരാജയപ്പെട്ടു. നല്ലൊരു സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കൂടാതെ മറ്റുപല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഈ തെറ്റില്‍നിന്ന് വലിയൊരു പാഠം പഠിച്ചു. ഇനി ഇത് ആവര്‍ത്തിക്കില്ല. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഭാവി പ്രൊജക്ടുകളില്‍ തെറ്റ് തിരുത്തും. കഠിനാധ്വാനത്തിലൂടെ ഞങ്ങള്‍ക്കുണ്ടായ നഷ്ടം തിരുത്തുകയും ചെയ്യും'- അനില്‍ സുന്‍കര ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിച്ച ഏജന്റ് ഏപ്രില്‍ 28-നാണ് റിലീസ് ചെയ്തത്. ഏകദേശം എണ്‍പതുകോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് റിലീസായി രണ്ടുദിവസം കഴിഞ്ഞിട്ടും മികച്ച വരുമാനം നേടാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാംദിനം ആഗോളതലത്തില്‍ 70 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. അഖിലിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമാകും ഏജന്റ് എന്നാണ് സിനിമാ നിരൂപകരുടെ വിലയിരുത്തല്‍.