തിരുവനന്തപുരം: വിവാദ ചിത്രം ദി കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് തിയറ്ററുകള്‍ പിന്മാറുന്നു. കേരളത്തില്‍ അമ്പതോളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കരാറായെങ്കിലും റിലീസിന്റെ തലേദിവസം ഭൂരിഭാഗം തിയറ്ററുകളും പിന്മാറി. 17 സ്ക്രീനുകളില്‍ മാത്രമാണ് സിനിമ ഇന്ന് പ്രദര്‍ശനത്തിനെത്തുക. ഇതില്‍തന്നെ എത്ര തിയറ്ററുകളില്‍ പ്രദര്ശനമുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. തിയറ്ററുകള്‍ക്കുനേരെ ഉണ്ടാകാനിടയുളള ആക്രമണവും രാഷ്ട്രീയപാര്ട്ടികളില്നിന്നുളള സമ്മര്‍ദ്ദവും മൂലമാണ് പിന്മാറുന്നതെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്.
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗുള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളാ സ്റ്റോറി റിലീസ് ചെയ്യുന്നതിനാല്‍ തമിഴ്നാട്ടിലും ജാഗ്രതാനിര്‍ദേശമുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് മേധാവിമാര്‍ക്കുമാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷവും പ്രതിഷേധവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.