അലന്‍ - താഹ: ജാമ്യത്തിനായി മുഖ്യമന്ത്രി ഇടപെടണം -മനുഷ്യാവകാശ സമിതി

Alan Shuhaib,Thaha Fasal

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച്, യുഎപിഎ പ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ച അലന്‍, താഹ എന്നീ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് അലന്‍ - താഹ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു. കേസില്‍ അലന്‍ ശുഐബിനെ ഒന്നാം പ്രതിയും താഹയെ രണ്ടാം പ്രതിയുമാക്കി കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആർ. പി ഭാസ്കർ, പ്രസിഡന്‌റും, ഡോ. ആസാദ് കൺവീനറുമായ സമിതി രംഗത്തുവന്നിരിക്കുന്നത്.

യുഎപിഎ ചുമത്തി സംസ്ഥാന പോലീസ്‌ ഇവരെ അറസ്റ്റ് ചെയ്തിട്ട് മെയ് 1 വരുമ്പോള്‍ ആറുമാസം തികയും. 2019 നവംബര്‍ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് ഇവരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എന്‍ഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെയും സിപിഎമ്മിലെ ഒരു വിഭാഗം അനുഭാവികളുടെയും സാംസ്കാരിക, മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരുടെയും പ്രതിഷേധം കണക്കിലെടുത്ത് കേസ് എന്‍ഐഎയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെത്തന്നെ തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നുവെങ്കിലും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് തുടര്‍ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഗുരുതരമായ തെറ്റുകളൊന്നും ഇവരുടെ ഭാഗത്തുനിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് എഴുതിയ കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നാണ് മനുഷ്യാവകാശ സമിതി ആവശ്യപ്പെടുന്നത്. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

അലൻ താഹ മനുഷ്യാവകാശ സമിതി, കേരളം 

പ്രസ്താവന  29 ഏപ്രിൽ 2020. 

കോഴിക്കോട്: വിദ്യാർത്ഥികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെയുള്ള യുഎപിഎ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. 2019 നവമ്പർ ഒന്നിന് അറസ്റ്റിലായ രണ്ടു യുവാക്കളുടെയും കേസ് വിചാരണക്കായി കോടതിയുടെ മുമ്പിലെത്തുന്നത് ആറു മാസത്തിനു ശേഷമാണ്. ദീർഘമായ അന്വേഷണത്തിനു ശേഷവും കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. രണ്ടുപേർക്കെതിരെയും  യുഎപിഎ പ്രയോഗിക്കാനുള്ള കേരളാ പോലീസിന്റെ തീരുമാനം തെറ്റും നീതിരഹിതവുമായ നടപടിയായിരുന്നു എന്ന് കേസിന്റെ ഓരോ ഘട്ടത്തിലും കൂടുതൽ വ്യക്തമായി വരികയാണ്. നഗ്നമായ അധികാര ദുർവിനിയോഗമാണ് കേസിന്റെ തുടക്കം മുതൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 

ഇനിയെങ്കിലും അവർക്കു നീതി ലഭ്യമാക്കാനുള്ള നടപടികൾക്ക് കേരള സർക്കാർ മുൻകയ്യെടുക്കണം. എൻഐഎ കോടതിയിൽ നിന്ന് അവർക്കു ജാമ്യം ലഭിക്കുന്നതിന് കേരള സർക്കാരിന് വേണ്ടി അപേക്ഷ നല്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം. അതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 

വിചാരണ വേളയിൽ ജാമ്യം ലഭിക്കാതെ പോയാൽ വർഷങ്ങളോളം അവർ ജയിലിൽ കഴിയേണ്ടിവരും എന്ന് ഇത്തരം കേസുകളിലെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു.  മാത്രമല്ല, ഇന്നത്തെ മാരകമായ പകർച്ചവ്യാധിയുടെ പരിതസ്ഥിതിയിൽ ജയിലുകളിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജാമ്യം ലഭിക്കാതെ രണ്ടുവിദ്യാർഥികൾ ജയിലുകളിൽ ജീവിതം ഹോമിക്കേണ്ടി വരുന്നത് സകല മനുഷ്യാവകാശങ്ങളും അവർക്കു നിഷേധിക്കുന്നതിന് തുല്യമാകും. കേന്ദ്രസർക്കാറിനു മുഖ്യമന്ത്രി നേരത്തെ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്  ഗുരുതരമായ ഒരു കുറ്റവും അവരുടെ കാര്യത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ്. അതിനാൽ ഇനിയും വൈകാതെ അവർക്കു നീതി ഉറപ്പാക്കുന്നതിന് ജാമ്യത്തിനായി സർക്കാർ തന്നെ മുൻകയ്യെടുക്കണം.  

ബി ആർ പി ഭാസ്കർ, പ്രസിഡണ്ട് 

ഡോ .ആസാദ്, കൺവീനർ.










Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More