ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷന് ശരണ്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകരെത്തി. തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നാണ് കര്‍ഷകര്‍ സമരവേദിയിലെത്തിയത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ജന്തര്‍ മന്തറിലെത്തിയത്. ഇന്നലെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരവേദിയിലെത്തി ഗുസ്തി താരങ്ങളെ കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ടുളള ഗുസ്തി താരങ്ങളുടെ സമരം പതിനഞ്ചുദിവസം പിന്നിട്ടു. ഇന്നലെ രാത്രി താരങ്ങള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയുമെന്ന് ഗുസ്തി താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്. ഒളിംപിക്സ് ജേതാക്കളായ ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് സമരം ചെയ്യുന്നത്.