ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പിതാവിന് വൈകാരികമായ ആദരാഞ്ജലി അര്‍പ്പിച്ചത്. 'പപ്പാ, എനിക്ക് പ്രചോദനമായി, എന്റെ ഓര്‍മ്മകളില്‍ നിങ്ങള്‍ എപ്പോഴുമുണ്ട്' -രാജീവ് ഗാന്ധിയുടെ വിവിധ നിമിഷങ്ങളുള്‍പ്പെടുത്തിയുളള വീഡിയോയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധി കുറിച്ചു. രാവിലെ ഡല്‍ഹിയിലെ വീര്‍ഭൂമിയിലെത്തി രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയ്ക്കും അമ്മ സോണിയാ ഗാന്ധിക്കുമൊപ്പം പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ഗാന്ധി കുടുംബത്തിനൊപ്പമുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആധുനിക ഇന്ത്യയുടെ പ്രധാന കാല്‍വയ്പ്പുകള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. പ്രധാനമന്ത്രിയും മാതാവുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 1984 ഒക്ടോബറില്‍ അധികാരമേറ്റ രാജീവ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1991-ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍വെച്ച് എല്‍ടിടിഇ ചാവേര്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ദേശീയ തീവ്രവാദ വിരുദ്ധ ദിനമായാണ് രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികം ആഘോഷിക്കുന്നത്.