ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും മുന്‍ രാഷ്ട്രപതി രാം നാഥ് കൊവിന്ദിനെയും ക്ഷണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വരുന്ന നേതാക്കളെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രപതിയാക്കുന്നത് തെരഞ്ഞടുപ്പ് വിജയത്തിനാണെന്നും യഥാര്‍ത്ഥത്തില്‍ രാഷ്ട്രപതിയുടെ ഓഫീസിനെ നോക്കുകുത്തിയാക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ നിരന്തരം ഭരണഘടനാപരമായ കീഴ്വഴക്കങ്ങളോട് അനാദരവ് കാണിക്കുകയാണ്. പാര്‍ലമെന്റ് മന്ദിരം രാജ്യത്തെ ഏറ്റവും മഹത്തായ ജനാധിപത്യ സ്ഥാപനമാണ്. രാഷ്ട്രപതിയാകട്ടെ രാജ്യത്തെ ഓരോ പൌരന്റെയും പ്രതിനിധിയാണ്. രാഷ്ട്രപതിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് എങ്കില്‍ അത് ജനാധിപത്യ മൂല്യങ്ങളോടുള്ള ആത്മാര്‍ഥത ഉറപ്പുവരുത്തലാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പാഞ്ഞു.
പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, രാഷ്ട്രപതിയാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് നേരത്തെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഈ മാസം 28 നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ഇതിനകം തന്നെ നിരവധി പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.