ഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുള്പ്പെടെയുളള ബിജെപി നേതാക്കള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന് കുറ്റക്കാരനല്ലെന്ന് കോടതി. രാംപൂര്‍ ജില്ലാ കോടതിയുടേതാണ് വിധി. വിചാരണാ കോടതിയുടെ വിധി ജില്ലാ കോടതി റദ്ദാക്കി. അസം ഖാന് കുറ്റക്കാരനാണെന്ന് വിചാരണാകോടതിയുടെ വിധി വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു. തുടര്‍ന്ന് രാംപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസം ഖാന് യോഗി ആദിത്യനാഥിനും നരേന്ദ്രമോദിക്കുമെതിരെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. മൂന്നുവര്‍ഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് വിചാരണാ കോടതി വിധിച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അസം ഖാനെതിരെ നിരവധി കേസുകളാണ് ചുമത്തിയത്. നിലവില്‍ 87 ഓളം കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ താനും മക്കളും മുന്‍ എംപി അതീഖ് അഹമ്മദിനെപ്പോലെ വെടിയേറ്റ് മരിക്കുമെന്ന് ഭയപ്പെടുന്നുവെന്ന് അസം ഖാന് പറഞ്ഞിരുന്നു.