തൊടുപുഴ: ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവെച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ എന്ന കാട്ടാന കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തിയ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ഡീന്‍ കുര്യാക്കോസ്. ദൗര്‍ഭാഗ്യകരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് മടങ്ങിവരുന്നു എന്നതിനപ്പുറം കമ്പം ടൗണില്‍ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ആനപ്രേമികളും അരിക്കൊമ്പന്‍ ഫാന്‍സും ഈ പരാക്രമം കണ്ട് ആസ്വദിക്കുകയായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്. ഇത്രയും അക്രമകാരിയായ ആനയെ തളയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് അട്ടിമറിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടത്തിയ ആളുകള്‍ക്ക് സമര്‍പ്പിക്കുകയാണ് ഇതെല്ലാം. കമ്പം ടൗണില്‍ നൂറുകണക്കിന് ആളുകളെ ആന ആട്ടിപ്പായ്ച്ചു. തലനാരിഴയ്ക്കാണ് ജനങ്ങള്‍ ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന ഒരു സമൂഹം ഇവിടുണ്ടല്ലോ എന്നോര്‍ത്ത് ലജ്ജിക്കുന്നു. പ്രശ്‌നക്കാരനായ ആനയാണത്. അതിനെ തളയ്ക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗമാണുളളത്? ഇങ്ങനെയൊരു സമൂഹം ഈ നാട്ടില്‍ ഉണ്ടായിപ്പോയല്ലോ'- ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമ സംവിധാനങ്ങള്‍ ഈ പ്രതിസന്ധിയെ ലാഘവത്തോടെ കൈകാര്യം ചെയ്തതുകൊണ്ടുളള ബുദ്ധിമുട്ടാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഇക്കാര്യത്തില്‍ പെട്ടെന്ന് ഒരു തീരുമാനമുണ്ടാക്കണം. ഇനിയും ഒരു മനുഷ്യജീവന്‍ കൂടി വിട്ടുകൊടുക്കാന്‍ കഴിയില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വനംവകുപ്പിന് കഴിയുന്നില്ല. ഒരു തരത്തിലുളള സുരക്ഷിതത്വവും ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല. ആനയെ തളയ്ക്കാന്‍ ആര് ശ്രമിച്ചാലും ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും'- ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.