മുംബൈ: ഡല്‍ഹിയില്‍ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തില്‍ മൗനം പാലിക്കുന്ന ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കെതിരെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്. സച്ചിന്റെ മുംബൈയിലെ വീടിന് പുറത്താണ് യൂത്ത് കോണ്‍ഗ്രസ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് ഗുസ്തി താരങ്ങളുടെ സമരമെന്നും ആരെ ഭയന്നാണ് പ്രതികരിക്കാന്‍ മടികാണിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തെ കര്‍ഷക സമരം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായപ്പോള്‍ പോപ് ഗായിക റിഹാന പ്രതികരിച്ചിരുന്നു. ഇതിന് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടേണ്ടതില്ലെന്നായിരുന്നു സച്ചിന് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
'സച്ചിന് ടെന്‍ഡുല്‍ക്കര്‍, നിങ്ങളെന്തുകൊണ്ടാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ മൗനം പാലിക്കുന്നത്? കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ച വിദേശ വനിതാ താരത്തോട് ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത് എന്നല്ലേ നിങ്ങള്‍ പറഞ്ഞത്? രാജ്യത്തോടുളള നിങ്ങളുടെ സ്നേഹം ഇപ്പോള്‍ എവിടെപ്പോയി ? നിങ്ങള്‍ എന്തെങ്കിലും സമ്മര്‍ദ്ദത്തിലാണോ? കായികലോകത്ത് നിങ്ങള്‍ ദൈവമാണ്. എന്നാല്‍ അതേ കായിക ലോകത്തെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ നിങ്ങളിലെ മനുഷ്യനെയും മനുഷ്യത്തത്തെയും ഞങ്ങള്‍ കാണുന്നില്ല'- എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഫ്ളക്സ് ബോര്‍ഡില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കര്‍ഷക സമരം ലോകശ്രദ്ധ നേടിയപ്പോള്‍ എന്തുകൊണ്ടാണ് നമ്മള് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു പോപ് താരം റിഹാന ട്വീറ്റ് ചെയ്തത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച വിദേശികളായ പ്രമുഖര്‍ സ്ഥാപിത താല്‍പ്പര്യക്കാരാണെന്നും ഇന്ത്യ അത്തരം പ്രൊപ്പഗാണ്ടകള്ക്കെതിരാണെന്നുമാണ് അന്ന് സച്ചിന് പറഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യയ്ക്കറിയാമെന്നും അക്കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും സച്ചിന് പറഞ്ഞിരുന്നു.