പത്തനാപുരം: മുന്‍ മന്ത്രിയും എംഎല്‍എയും കേരളാ കോണ്‍ഗ്രസ് നേതാവുമായ കെ ബി ഗണേഷ് കുമാറിന് ആര്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയതില്‍ ആര്‍എസ്എസിന് പങ്കുണ്ട് എന്ന് പ്രസംഗിച്ചത്തിന്റെ പേരിലാണ് ആര്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്ലം പട്ടാഴി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിലാണ് 'ഗാന്ധിജിയെ നിഷ്കരുണം വെടിവെച്ചുകൊന്നത് ആര്‍എസ്എസ് ആണ്' എന്ന് കെ ബി ഗണേഷ് കുമാര്‍ പ്രസംഗിച്ചത്. ഏപ്രില്‍ മാസത്തില്‍ നടന്ന ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനെതിരെ അഡ്വ. കൈലാസ് നാഥ് മുഖേനയാണ് ഇപ്പോള്‍ സംഘടന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്‍എസ്എസിന് ഗാന്ധി വധത്തില്‍ പങ്കുണ്ട് എന്ന രീതിയില്‍ പ്രസംഗിക്കുന്നവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഈ ഗണത്തില്‍ ആദ്യം വക്കീല്‍ നോട്ടീസ് കൈപ്പറ്റുന്ന നേതാവാണ് കെ ബി ഗണേഷ് കുമാര്‍. ഇത്തരം പ്രചാരണം തുടര്‍ന്നാല്‍ മാനനഷ്ട കേസ് നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പ്രസംഗിക്കുന്നരെ നിരീക്ഷിക്കാനും അത് റിപ്പോര്‍ട്ട് ചെയ്യാനും പ്രാദേശിക നേതാക്കളെ ബിജെപി ചുമതലപ്പെടുത്തിയതാണ് വിവരം.