മുംബൈ: ബിജെപി നേതാവ് കിരിത് സോമയ്യക്കെതിരെ മാനഷ്ടക്കേസ് നല്കി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സാമൂഹിക മാധ്യമങ്ങളിലൂടെ സോമയ്യ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അത് തന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് റാവത്ത് കേസ് ഫയല്‍ ചെയ്തത്. മുളുന്ദ് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. അഭിഭാഷകൻ സുന്ദീപ് സിംഗ് മുഖേന സമർപ്പിച്ച പരാതിയിൽ സോമയ്യക്കെതിരെ ഐപിസി സെക്ഷൻ 500 ചുമത്തണമെന്ന് ആവശ്യപ്പെട്ടു.
കിരിത് സോമയ്യ ഓഗസ്റ്റ് 24, ജനുവരി 22, ജൂൺ 13 തീയതികളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളും സഞ്ജയ് റാവത്ത് കോടതിയില്‍ സമര്‍പ്പിച്ചു. 100 കോടി രൂപയുടെ കോവിഡ് സെന്റർ അഴിമതിയിൽ തനിക്ക് പങ്കുണ്ടെന്നും സോമയ്യ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കൃത്യമായ തെളിവുകളൊന്നുമില്ലാതെയാണ് അദ്ദേഹം തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയത്. ഇത്തരം പ്രസ്താവനകള്‍ ദുരുദ്ദേശപരമാണ്. കോടതിയെ സമീപിക്കുന്നതിന് മുന്‍പ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സോമയ്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഈ ആവശ്യം അംഗീകരിച്ചില്ലെന്നും സഞ്ജയ് റാവത്ത് ഹര്‍ജിയില്‍ വ്യക്തമാക്കി.