ഡല്‍ഹി: താമസക്കാര്‍ക്ക് വിചിത്രമായ ഡ്രസ് കോഡ് പുറത്തിറക്കി റസിഡന്റ്സ് അസോസിയേഷന്. സ്ത്രീകള്‍ നൈറ്റി ധരിച്ചും പുരുഷന്മാര് ലുങ്കിയുടുത്തും ഫ്ളാറ്റിന് പുറത്തിറങ്ങരുതെന്നാണ് റസിഡന്റ്സ് അസോസിയേഷന്റെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയിലെ ഫൈവ് 2 റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഹിമസാഗര്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ക്ക് വിചിത്ര സര്‍ക്കുലര്‍ ഇറക്കിയത്. 'നിങ്ങള്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ സ്വന്തം പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം. ആരും നിങ്ങളെ ചോദ്യംചെയ്യാനുളള അവസരമുണ്ടാക്കരുത്. വീട്ടിനകത്ത് ധരിക്കുന്ന ലുങ്കിയും നൈറ്റിയും ധരിച്ച് പുറത്ത് ചുറ്റിക്കറങ്ങരുത്'- എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കുറച്ച് സ്ത്രീകളില്‍നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നും തീരുമാനം വിവാദമാക്കേണ്ട കാര്യമില്ലെന്നും റസിഡന്റ് അസോസിയേഷന് പ്രസിഡന്റ് സി കെ കല്‍റ പറഞ്ഞു. 'കുറച്ചുദിവസം മുന്‍പ് ഇവിടുത്തെ താമസക്കാരില്‍ ചില സ്ത്രീകള്‍ ഒരു മുതിര്‍ന്ന പൗരന് ലുങ്കിയുടുത്ത് യോഗ ചെയ്യുന്നുണ്ടെന്ന് പരാതിപ്പെട്ടു. ആദ്യം ആളുകളോട് വാക്കാല്‍ അഭ്യര്‍ത്ഥിച്ചു. പിന്നീടാണ് സര്‍ക്കുലറായി ഇറക്കിയത്'- കല്‍റ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
റസിഡന്റ് അസോസിയേഷന്റെ സര്‍ക്കുലറിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ഇത്തരം ഉത്തരവുകള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് ആളുകള്‍ എന്ത് ധരിക്കണം എന്ന് തീരുമാനിക്കാന്‍ അധികാരമില്ലെന്നും ചിലര്‍ കമന്റ് ചെയ്യുമ്പോള്‍ നൈറ്റിയും ലുങ്കിയുമെല്ലാം പഴഞ്ചന്‍ വസ്ത്രങ്ങളാണെന്നും ആളുകള്‍ ഒരുമിച്ച് താമസിക്കുന്നിടത്ത് ഇത്തരം നിയന്ത്രണങ്ങള്‍ നല്ലതാണെന്നുമാണ് മറ്റുചിലര്‍ പറയുന്നത്.