ജയ്പൂര്‍: കുറഞ്ഞത് അടുത്ത 50 വര്‍ഷത്തേക്കെങ്കിലും ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്റിവാള്‍. അധികാരത്തിലെത്തിച്ചാല്‍ രാജസ്ഥാനിലും ആര്‍ക്കും തങ്ങളെ താഴെയിറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിലെ ഗംഗാനഗറില്‍ എഎപി നടത്തിയ പൊതുപരിപാടിയിലായിരുന്നു കെജ്റിവാളിന്റെ പരാമര്‍ശം.
'കുറഞ്ഞത് 50 വര്‍ഷത്തേക്കെങ്കിലും ആം ആദ്മി പാര്‍ട്ടിയെ ഡല്‍ഹിയില്‍നിന്നും പഞ്ചാബില്‍നിന്നും താഴെയിറക്കാന്‍ ആര്‍ക്കും സാധിക്കില്ല. അടുത്ത 50 വര്‍ഷത്തേക്ക് ഞങ്ങള്‍ രാജസ്ഥാനില്‍ തുടരാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എഎപിക്ക് വോട്ടുചെയ്യണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്'- അരവിന്ദ് കെജ്റിവാള്‍ പറഞ്ഞു. റാലിക്കിടെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും കെജ്റിവാള്‍ വിമര്‍ശിച്ചു. ഗംഗാനഗറിലുടനീളം ഗെഹ്ലോട്ട് തന്റെ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുകയാണെന്നും കഴിഞ്ഞ 5 വര്‍ഷം അദ്ദേഹം മര്യാദയ്ക്ക് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമുണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജസ്ഥാനിലും ഡല്‍ഹി മോഡല്‍ വികസനം വാഗ്ദാനം ചെയ്താണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ നേടിയതോടെ എഎപിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചിരുന്നു. ഇതോടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനുളള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി.