പാറ്റ്ന: ഗ്രാമത്തില്‍ സ്കൂള്‍ നിര്‍മ്മിക്കാനായി തന്റെ 11 സെന്റ് ഭൂമി വിട്ടുനല്‍കി കര്ഷകന്. ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലാണ് സംഭവം. കഹാര്‍പൂര്‍ ഗ്രാമത്തില്‍നിന്നുളള കര്ഷകന് സുബോധ് യാദവാണ് തന്റെ ഭൂമി സ്കൂള്‍ നിര്‍മ്മാണത്തിനായി വിട്ടുനല്‍കിയത്. അമ്മ ചന്ദ്രികാദേവിയുടെ ആഗ്രഹപ്രകാരമാണ് താന്‍ ഭൂമി സര്‍ക്കാരിന് വിട്ടുനല്‍കിയതെന്നും എട്ടുലക്ഷത്തോളം രൂപ വില വരുന്ന സ്ഥലമാണ് സൗജന്യമായി നല്‍കിയതെന്നും സുബോധ് മാധ്യമങ്ങളോട് പറഞ്ഞു.
ഭഗല്‍പൂരിലെ ജില്ലാ ആസ്ഥാനത്തുനിന്നും 45 കിലോമീറ്റര്‍ അകലെയാണ് ബിഹ്പൂര്‍ ബ്ലോക്കിലെ കഹാര്‍പൂര്‍ ഗ്രാമം. 2020-ല്‍ കോസി നദിയില്‍ വെളളപ്പൊക്കമുണ്ടാവുകയും ഗ്രാമത്തിലുണ്ടായിരുന്ന സ്കൂള്‍ വെളളത്തില്‍ മുങ്ങിപ്പോവുകയുമായിരുന്നു. ഇതോടെ ആ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് പഠിക്കാനായി കിലോമീറ്ററുകളോളം ദൂരം പോകേണ്ടിവന്നു. വെളളംകയറി സ്കൂള്‍ നശിച്ചതോടെ പുതിയ സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ പുതിയ സ്ഥലം അന്വേഷിക്കുന്നുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇക്കാര്യമറിഞ്ഞ ചന്ദ്രികാദേവി മകനോട് സ്കൂള്‍ പണിയാന്‍ സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്കൂളിനായി സ്ഥലം വിട്ടുനല്‍കിയതിന്റെ പേരില്‍ അമ്മയെ എല്ലാവരും ഓര്‍ത്തിരിക്കുമല്ലോ എന്നാണ് സുബോധ് പറയുന്നത്. സ്കൂളിനുവേണ്ടി സ്ഥലംവിട്ടു നല്കിയതിനാല് ആ സ്കൂള്‍ ചന്ദ്രികാദേവിയുടെ പേരില്‍ അറിയപ്പെടുമെന്ന് ഭഗല്‍പൂര്‍ ഡിഇഒ സഞ്ജയ് കുമാര്‍ പറഞ്ഞു.