പാലക്കാട്: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കുനേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച എം എസ് എഫ് പ്രവര്‍ത്തകരെ വിലങ്ങുവെച്ച് വൈദ്യപരിശോധനയ്ക്കെത്തിച്ചതിനെതിരെ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ കയ്യാമം വെച്ചുകൊണ്ടാണ് എം എസ് എഫിന്റെ പ്രവര്‍ത്തകരെ പൊലീസ് നടത്തിക്കുന്നതെന്ന് വി ടി ബല്‍റാം പറഞ്ഞു. ഇത് എന്ത് തരം പൊലീസിംഗാണെന്നും എന്തൊരനീതിയാണെന്നും വി ടി ബല്‍റാം ചോദിച്ചു. വ്യാജ പ്രവൃത്തി പരിചയ രേഖയും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമൊക്കെ നിര്‍മ്മിച്ച് കടുത്ത നിയമലംഘനങ്ങള്‍ നടത്തുന്ന എസ് എഫ് ഐയിലെ സാമൂഹ്യവിരുദ്ധര്ക്കുനേരെയില്ലാത്ത കാര്‍ക്കശ്യം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ പിണറായി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് എങ്ങനെയാണ് കണ്ടുനില്ക്കാനാവുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
ഇന്നലെ കൊയിലാണ്ടിയില്‍വെച്ചാണ് മന്ത്രി വി ശിവന്‍കുട്ടിക്കുനേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എംഎസ്എഫ് ജില്ലാ കണ്‍വീനര്‍ ടിടി അഫ്രീന്, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി ഫസീഹ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. ഇരുവരെയും കൈവിലങ്ങണിയിച്ചാണ് കൊയിലാണ്ടി പൊലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി നേതാക്കളെ കൊടുംകുറ്റവാളികളെപ്പോലെ വിലങ്ങുവെച്ച് കൊണ്ടുപോയത് അപലപനീയമാണെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ് പറഞ്ഞു.