ചെന്നൈ: ഡിഎംകെ എംപി കനിമൊഴിയെ ബസില്‍ കയറ്റിയതിന് ജോലി നഷ്ടമായ വനിതാ ഡ്രൈവര്‍ ശര്‍മിളയ്ക്ക് കാര്‍ സമ്മാനിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്. തന്റെ പ്രായത്തിലുളള പെണ്‍കുട്ടികള്‍ക്ക് നല്ലൊരു മാതൃകയായ ശര്‍മിളയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ ഏറെ വേദനിപ്പിച്ചെന്ന് കമല്‍ ഹാസന് പറഞ്ഞു. ശര്‍മിള ഡ്രൈവറായി മാത്രം തുടരേണ്ടയാളല്ലെന്നും നിരവധി ശര്‍മിളമാരെ സൃഷ്ടിക്കണമെന്നും കാര്‍ സമ്മാനിച്ചുകൊണ്ട് കമല്‍ ഹാസന് കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശര്‍മിള എന്ന ഇരുപത്തിനാലുകാരിയെ നേരിട്ടുകണ്ട് അഭിനന്ദിക്കാനായി കനിമൊഴി എംപി എത്തിയതാണ് വിവാദങ്ങളുടെ തുടക്കം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കനിമൊഴി ബസില്‍ കയറി ശര്‍മിളയോട് കുശലാന്വേഷണം നടത്തുകയും കുറച്ചുനേരം ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. യാത്രക്കിടെ കണ്ടക്ടര്‍ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ച് ബഹുമാനമില്ലാതെ പെരുമാറിയെന്ന് പരാതി പറയാനെത്തിയ ശര്‍മിളയെ ബസുടമ ശകാരിച്ചു. സ്വന്തം പ്രശസ്തിക്കുവേണ്ടിയാണ് ശര്‍മിള കനിമൊഴിയെ ബസില്‍ കയറ്റിയതെന്നും ഉടമ എന്ന നിലയില്‍ താന്‍ ഇതൊന്നും അറിയുന്നില്ലെന്നും ഇനി ജോലിക്ക് വരണമെന്നില്ലെന്നും ബസുടമ പറഞ്ഞു.
സംഭവം വിവാദമായതോടെ താന്‍ ശര്‍മിളയെ പറഞ്ഞുവിട്ടിട്ടില്ലെന്നും ജോലി നിര്‍ത്തിയത് ശര്മിളയാണെന്നും വാദിച്ച് ബസുടമ രംഗത്തെത്തി. സംഭവം അറിഞ്ഞ കനിമൊഴി, ശര്‍മിളയെ സംരക്ഷിക്കുമെന്നും അവര്‍ക്ക് പുതിയ ജോലി തരപ്പെടുത്തി കൊടുക്കുമെന്നും അറിയിച്ചിരുന്നു.