ഡല്‍ഹി: കോടിക്കണക്കിന് ആളുകളുടെ സ്നേഹവും പ്രാര്‍ത്ഥനയുംകൊണ്ട് താനിപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇത്തരമൊരു ആക്രമണം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ആശുപത്രിയില്‍നിന്ന് എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആസാദ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും പരിശോധനകള്‍ക്കുശേഷം നാളെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
'എനിക്ക് ഒന്നും കൃത്യമായി ഓര്‍മ്മയില്ല. പക്ഷെ, എന്റെ ആളുകള്‍ അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ കാര്‍ സഹരന്‍പൂര്‍ ലക്ഷ്യമായാണ് നീങ്ങിയത്. സംഭവം നടക്കുമ്പോള്‍ എന്റെ സഹോദരനുള്‍പ്പെടെ ഞങ്ങള്‍ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇത്തരമൊരു ആക്രമണം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ സുഹൃത്തുക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ പോരാട്ടം തുടരും. കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും കൊണ്ട് എനിക്കിപ്പോള്‍ പ്രശ്നമൊന്നുമില്ല'- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരം ഉത്തര്പ്രദേശില്വെച്ചാണ് ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ വെടിവയ്പ്പുണ്ടായത്. സഹാരന്‍പൂരിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രശേഖര്‍. തിരികെ പോകുന്നതിനിടെ അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ കാറിലും ബൈക്കുകളിലുമായെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാറിന്റെ ഡോറിലും സീറ്റിലും വെടിയുളള തുളച്ചുകയറിയ പാടുണ്ട്.